05 May, 2022 03:02:22 PM
'ജയ് ഭീം': സൂര്യ, ജ്യോതിക, ജ്ഞാനവേൽ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
ചെന്നൈ: തമിഴ് ചിത്രം ജയ് ഭീമിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയർ സേന നൽകിയ ഹർജിയിന്മേലാണ് കോടതി നടപടി. നിർമ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകൻ ടി ജെ ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനായാണ് പൊലീസിന് നൽകിയ നിർദ്ദേശം.
ജയ് ഭീം നിരോധിക്കണമെന്ന് സിനിമയുടെ റിലീസ് സമയത്ത് വണ്ണിയർ സമുദായവും ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിൽ നിന്ന് ആക്ഷേപകരമായ രംഗങ്ങൾ നീക്കണം. അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ജയ് ഭീം ടീം നിരുപാധികം മാപ്പ് പറയണമെന്നും വണ്ണിയർ സംഘം ആവശ്യപ്പെടുന്നു. 2021 നവംബറിലാണ് വണ്ണിയാർ സമുദായം പരാതിയുമായി എത്തിയത്. ചിത്രത്തിലെ ക്രൂരനായ പൊലീസുകാരന്‍ യഥാര്‍ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ല. എന്നിട്ടും അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാര്‍ സമുദായത്തിലുള്ളവരുടെ ആരോപണം.
സിനിമയിലൂടെ ഒരു സമുദായത്തെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് സംവിധായകൻ ടിജെ ജ്ഞാനവേൽ പ്രതികരിച്ചിരുന്നു. ജയ് ഭീം എന്ന സിനിമ കൊണ്ട് ആരെങ്കിലും വേദനിക്കപെട്ടു എങ്കിൽ മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രേക്ഷകപ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണ് സൂര്യ നായകനായ 'ജയ് ഭീം'. 'ജയ് ഭീം' ചിത്രത്തിന്റെ പ്രമേയമായിരുന്നു അതിന് കാരണം. 'ജയ് ഭീമെ'ന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്.