29 April, 2022 04:08:05 PM
വിവാഹ ചടങ്ങിനിടെ വധുവിനെ കാമുകൻ വെടിവച്ചു കൊലപ്പെടുത്തി
മഥുര: വിവാഹ ചടങ്ങിനിടെ വധുവിനെ കാമുകൻ വെടിവച്ചു കൊലപ്പെടുത്തി. യുപിയിൽ മഥുര നൗജീൽ മേഖലയിലെ മുബാരിക്പുർ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച നടന്ന വിവാഹത്തിലെ ജയ്മാല ചടങ്ങ് അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് വധു കാജൽ വെടിയേറ്റു മരിച്ചത്. പ്രതി യുവതിയുമായി നേരത്തെ അടുപ്പത്തിലായിരുന്നു. ഇതിനിടെ, പ്രതിയുമായി അകന്ന കാജൽ മറ്റൊരാളെ വിവാഹം ചെയ്യാൻ തയാറാവുകയായിരുന്നു. ഇതിൽ പ്രകോപിതനായിരുന്നു പ്രതിയെന്നു പോലീസ് പറഞ്ഞു.
അപ്രതീക്ഷിതമായി വെടിയൊച്ച കേട്ടാണ് വീട്ടുകാരും ബന്ധുക്കളും ഒാടിക്കൂടിയത്. ചടങ്ങിനു ശേഷം ഫ്രഷ് ആകാൻ മുറിയിലേക്കു പോയപ്പോഴാണ് കാമുകൻ എത്തി അവൾക്കു നേരേ വെടിയുതിർത്തതെന്നും തനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പെൺകുട്ടിയുടെ പിതാവ് ഖുബി റാം പ്രജാപതി പറഞ്ഞു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി മഥുരയിലെ എസ്പി (റൂറൽ) ശ്രീഷ് ചന്ദ്ര എഎൻഐയോടു പറഞ്ഞു.