24 April, 2022 06:24:46 PM
നിത്യഹരിത നായകൻ പ്രേം നസീറിന്റെ വീട് വിൽക്കുന്നില്ല: വാർത്ത തെറ്റെന്ന് താരത്തിന്റെ സഹോദരി
തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേം നസീറിന്റെ ചിറയിൻകീഴിലെ വീട് വിൽക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത തെറ്റെന്ന് താരത്തിന്റെ ഇളയ സഹോദരി. വീട് വിൽക്കുന്നു എന്ന് പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമാണെന്ന് പ്രേംനസീറിന്റെ ഇളയ സഹോദരി അനീസ ബീവി പ്രതികരിച്ചു.
മാധ്യമങ്ങളിൽ വരുന്ന വാർത്ത ആര് നൽകിയതാണെന്ന് തനിക്കോ കുടുംബത്തിലുള്ളവർക്കോ അറിയില്ല. വീട് കാട് കയറിയ നിലയിൽ ആണെന്ന് വാർത്തയിൽ പറയുന്നതും അസത്യമാണ്. പ്രേംനസീറിന് ഇളയമകൾ റീത്തയുടെതാണ് വീട്. റീത്തയോട് ഫോണിൽ താൻ വിവരം തിരക്കിയപ്പോൾ അവർ ആരും തന്നെ ഇത്തരത്തിൽ വാർത്ത നൽകിയതായി അറിഞ്ഞില്ല എന്നാണ് പറഞ്ഞത്.
വർഷങ്ങൾക്കു മുമ്പ് റീത്തയുടെ മകൾക്ക് വിദേശത്ത് വീട് വയ്ക്കുന്ന സമയത്ത് ചിറയിൻകീഴിലെ വീടുവിൽക്കാൻ ആലോചിച്ചിരുന്നു. എന്നാൽ 50 സെന്റ് വീടിന് 6 കോടി രൂപയാണ് വിലയിട്ടത്. ആ തുകയ്ക്ക് വില്പന നടക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. നിലവിൽ വീട് വിൽക്കുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ല. സർക്കാരിന് ആവശ്യമെങ്കിൽ ഈ തുക നൽകി വീട് വാങ്ങട്ടെ എന്നും അനീസ ബീവി പറഞ്ഞു.
പ്രേംനസീർ ജീവിച്ചിരുന്നപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളേയും കൈയ്യഴിഞ്ഞു സഹായിച്ചിട്ടുണ്ട്. എന്നാൽ പ്രേംനസീറിന് ജന്മ നാട്ടിൽ ഒരു സ്മാരകം ഒരുക്കാൻ ഇനിയും ഒരു സർക്കാരിനും സാധിച്ചിട്ടില്ല എന്നും പ്രേംനസീറിന്റെ സഹോദരി അനീസ ബീവി പരാതിപ്പെട്ടു.
അതേസമയം, വീടും സ്ഥലവും സൗജന്യമായി തന്നാൽ സംരക്ഷിക്കാമെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ പറഞ്ഞു. വിലയ്ക്കെടുക്കുന്നത് സർക്കാർ കൂട്ടായി തീരുമാനിക്കേണ്ട കാര്യമാണെന്നും മന്ത്രി ന്യൂസ് 18നോട് പ്രതികരിച്ചു.
പ്രേംനസീറിന്റെ ഇളയ മകൾ റീത്തയുടെ മകൾ രേഷ്മയുടെ ഉടമസ്ഥതയിലാണ് 'ലൈല കോട്ടേജ്' എന്ന വീട് നിലവിലുള്ളത്. 1956 ലാണ് പ്രേം നസീർ ഈ വീട് പണിതത്. വിദേശത്തുള്ള കുടുംബത്തിന് വീട് നോക്കുന്നത് ബുദ്ധിമുട്ടായതോടയാണ് വിൽക്കാൻ തീരുമാനിച്ചതെന്നായിരുന്നു വാർത്തകൾ.
ദേശീയപാതയിൽ കോരാണിയിൽ നിന്നു ചിറയിൻകീഴിലേക്കുള്ള പാതയോരത്ത് 50 സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ഇരുനിലയിലായി 8 മുറികളാണ് വീടിലുള്ളത്. ചിറയൻകീഴിലെ ആദ്യ ഇരുനില വീടാണിത്. പ്രേംനസീറും ഭാര്യ ഹബീബ ബീവിയും മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവരുമാണ് ഇവിടെ താമസിച്ചിരുന്നത്.
പ്രേംനസീർ വിടപറഞ്ഞിട്ട് മുപ്പത് വർഷം പിന്നിടുമ്പോഴും ഇന്നും ഈ വീട് കാണാൻ സന്ദർശകർ എത്താറുണ്ട്. 'പ്രേം നസീർ' എന്നെഴുതിയ നെയിംബോർഡ് ഇന്നും തലയെടുപ്പോടെ നിൽക്കുന്നു.