08 March, 2022 04:43:46 PM


കാറിന്‍റെ മുന്നിലും പിന്നിലുമിടിച്ച് ലോറികള്‍; യാത്രക്കാരികള്‍ രക്ഷപെട്ടത് അത്ഭുതകരമായി



ഏറ്റുമാനൂര്‍: ആധുനികരീതിയില്‍ നവീകരിക്കപ്പെട്ട മണര്‍കാട് ബൈപാസ് റോഡില്‍ അപകടങ്ങള്‍ തുടര്‍കഥയാകുന്നു. അപകടങ്ങളുടെ പരമ്പരയ്ക്ക് വേദിയാകുന്ന ചെറുവാണ്ടൂര്‍ വായനശാല ജംഗ്ഷനില്‍ ചൊവ്വാഴ്ച കാറും രണ്ട് ടോറസ് ലോറികളും തമ്മില്‍ കൂട്ടിയിടിച്ചു. മുന്നില്‍നിന്നും പിന്നില്‍നിന്നും ലോറികളുടെ ഇടിയേറ്റ കാറില്‍നിന്നും യാത്രക്കാരികള്‍ രക്ഷപെട്ടത് വളരെ അത്ഭുതകരമായി. 

രാവിലെ 8.45 മണിയോടെ ചെറുവാണ്ടൂര്‍ കവലയില്‍നിന്നും പാറോലിക്കല്‍ റോഡിലേക്ക് തിരിയാനുള്ള ശ്രമത്തിനിടെയാണ് ലോറികള്‍ കാറില്‍ ഇടിച്ചത്. തെള്ളകത്തെ സ്വകാര്യആശുപത്രിയോടനുബന്ധിച്ചുള്ള കോളേജിലെ ബിഫാം വിദ്യാര്‍ഥിനിയായ പാലാ സ്വദേശി മേഘയാണ് കാര്‍ ഓടിച്ചിരുന്നത്. മേഘയോടൊപ്പം സഹപാഠിയായ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. മേഘയുടെ പരാതിയില്‍ ഏറ്റുമാനൂര്‍ പോലീസ് ലോറിക്കാര്‍ക്കെതിരെ കേസെടുത്തു. 

കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ഏറ്റുമാനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പൂവത്തുംമൂടിനും പാറകണ്ടത്തിനും ഇടയില്‍ എട്ട് ജീവനുകളാണ് പൊലിഞ്ഞുവീണത്. ഇവരില്‍ മൂന്ന് പേര്‍ മരിച്ചത് ചൊവ്വാഴ്ച അപകടം നടന്ന ചെറുവാണ്ടൂര്‍ കവലയിലും സമീപത്തുമായി. 2019 ഒക്ടോബര്‍ 20നാണ് പെട്ടി ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ തിരുവഞ്ചൂര്‍ സ്വദേശി കെ.എസ്. അനന്തു (18) മരണമടഞ്ഞത്. ഇവിടെനിന്നും ഏതാനും മീറ്ററുകള്‍ മാത്രം മാറിയാണ് ഒരു വര്‍ഷം മുമ്പ് ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ ജോയിയുടെ ഭാര്യ സാലി (46)യുടെ ജീവനെടുത്ത അപകടവും നടന്നത്. ഏതാനും മാസം മുമ്പ് മംഗളം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥി ആദിലിന്‍റെ മരണത്തിനിടയാക്കിയ ബൈക്ക് അപകടവും ഇവിടെ തന്നെയായിരുന്നു നടന്നത്.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K