06 January, 2022 07:34:35 PM
നവജാതശിശുവിനെ കണ്ടെത്താൻ തുണയായത് ടാക്സി ഡ്രൈവര്‍ അലക്സിന്‍റെ ജാഗ്രത
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും യുവതി തട്ടിയെടുത്ത നവജാതശിശുവിനെ തിരിച്ചു കിട്ടിയതിൽ നിർണായകമായത് ടാക്സി ഡ്രൈവറുടെ ഇടപെടൽ. തട്ടിയെടുത്ത കുഞ്ഞുമായി ഹോട്ടലിൽ എത്തിയ യുവതി ഇവിടെ നിന്നും ടാക്സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്. ഇവർക്കൊപ്പം ഒരു ആൺകുട്ടിയും ഉണ്ടായിരുന്നു. കുഞ്ഞുമായി ഹോട്ടലിൽ എത്തിയ യുവതി റിസപ്ഷനിലേക്ക് വിളിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാൻ ഒരു ടാക്സി വേണമെന്ന് ആവശ്യപ്പെട്ടതും അലക്സ് എന്ന ടാക്സി ഡ്രൈവര്‍ക്ക് തോന്നിയ സംശയവുമാണ് കുട്ടിയെ തിരികെ കിട്ടാന്‍ വഴിയൊരുക്കിയത്.
സംഭവം ഇങ്ങനെ - ഓട്ടം പോകാനായി സ്റ്റാൻഡിലേക്ക് വിളിച്ചത് അനുസരിച്ചാണ് അലക്സ് ഹോട്ടലില്‍ ചെന്നത്. ആരാണ് യാത്രക്കാർ എന്നു റിസപ്ഷനില്‍ ചോദിച്ചപ്പോൾ ഒരു കുഞ്ഞിനേയും കൊണ്ടു പോകാനാണെന്ന് പറഞ്ഞു. അന്നേരം ആണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഒരു കുഞ്ഞിനെ മിസ്സായ വിവരം അലക്സ് അവരോട് പറഞ്ഞത്. കൂടുതൽ ചോദിച്ചതിൽ തടിച്ച ഒരു സ്ത്രീയാണ് ടാക്സി ആവശ്യപ്പെട്ടതെന്നും കൂടെ ഒരു ആൺകുട്ടി ഉണ്ടെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു. യുവതിയുടെ കൈയ്യിലുള്ളത് ഒരു നവജാത ശിശുവാണെന്നും റിസപ്ഷനിലുണ്ടായിരുന്ന പെൺകുട്ടി അലക്സിനോട് പറഞ്ഞു. ആശുപത്രിയിൽ നിന്നും കാണാതായ കുട്ടി തന്നെയാണോ ഇതെന്ന സംശയം തോന്നിയ അലക്സ് അപ്പോൾ തന്നെ വിവരം ഹോട്ടൽ മാനേജരെ അറിയിച്ചു. അദ്ദേഹം പൊലീസിനെ വിളിച്ചു വരുത്തി.
വിവരം ലഭിച്ചയുടൻ ഹോട്ടലിൽ എത്തിയ ഗാന്ധിനഗർ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയും കുഞ്ഞിനെ വീണ്ടെടുക്കുകയും ചെയ്തു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് അമ്മയ്ക്ക് കൈമാറി. കളമശ്ശേരി സ്വദേശിനിയായ നീതു (23) ആണ് കസ്റ്റഡിയിലുള്ളത്. ഇവരെ കോട്ടയം എസ്.പി ഡി.ശിൽപയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്യുകയാണ്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറയുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. കളമശ്ശേരിയിലെ ഒരു ഫ്ലാറ്റിലാണ് താൻ താമസിക്കുന്നത് എന്നാണ് യുവതി പറയുന്നതെന്നും ഇവർ പറയുന്നത് മൊത്തം കള്ളമാണെന്നാണ് പ്രാഥമിക നിഗമനമെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
യുവതി ഒറ്റയ്ക്കാണ് ഇത് ചെയ്യുന്നത് എന്ന് കരുതുന്നില്ലെന്നും പിന്നിൽ റാക്കറ്റുണ്ടോയെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. അതേസമയം, മൂന്ന് മാസം മുൻപ് കോട്ടയം ഡെൻ്റൽ കോളേജിൽ ഡെൻ്റിസ്റ്റ് എന്ന വ്യാജേന വന്ന സ്ത്രീ ഇവർ തന്നെയാണെന്ന് ഞങ്ങൾ സംശയിക്കുന്നതായി ആശുപത്രി സൂപ്രണ്ട് ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയുടെ പ്രവർത്തന രീതികളെക്കുറിച്ച് ഇവർക്ക് നല്ല ബോധ്യമുണ്ട്. ആശുപത്രി ജീവനക്കാരിയാണ് എന്ന വിശ്വസിപ്പിക്കുന്ന രീതിയിലാണ് അവർ കുഞ്ഞിൻ്റെ അമ്മയുമായി ഇടപെട്ടത്. കുഞ്ഞിന് മഞ്ഞയുടെ പ്രശ്നമുണ്ടെന്നും എൻഐസിയുവിൽ കാണിക്കണമെന്നും പറഞ്ഞാണ് ഇവർ കുഞ്ഞിനെ കൊണ്ടു പോയത്.