11 December, 2021 10:57:03 PM
അക്രമിസംഘം യുവാവിനെ വെട്ടിക്കൊന്നു; കാൽ വെട്ടിയെടുത്ത് റോഡിലേക്കെറിഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തംഗസംഘത്തിന്‍റെ വെട്ടേറ്റ് യുവാവിന് ദാരുണാന്ത്യം. പോത്തന്‍കോട് കല്ലൂർ സ്വദേശി സുധീഷാണ് മരിച്ചത്. ബൈക്കിലും ഓട്ടോയിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്തിട്ട് വെട്ടുകയായിരുന്നു. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.
സുധീഷിന്‍റെ കാൽ വെട്ടിയെടുത്ത് അക്രമികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. വെട്ടേറ്റു വീണ ശേഷമാണ് സുധീഷിന്‍റെ കാൽ അക്രമിസംഘം വെട്ടിമാറ്റിയത്. സംഘത്തിലുണ്ടായിരുന്നവരിൽ ഒരാൾ മുറിഞ്ഞു പോയ കാലുമെടുത്ത് പുറത്തേക്ക് വരികയും ബൈക്കിൽ കയറി തിരിച്ചു പോകും വഴി റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു.