01 December, 2021 05:09:15 PM
വീടുകളുടെ ഭിത്തിയിൽ പ്രത്യക്ഷപ്പെട്ട അടയാളങ്ങൾ: 'കുറുവാ' ഭീതിയൊഴിയാതെ നാട്ടുകാർ
കോട്ടയം: പോലീസും നാട്ടുകാരും അരിച്ചുപെറുക്കി അന്വേഷണം നടത്തിയിട്ടും കുറുവ സംഘത്തെക്കുറിച്ച് ഒരു വിവരവുമില്ല. കഴിഞ്ഞ രണ്ടു ദിവസമായി മോഷണവും മോഷണശ്രമവും റിപ്പോർട്ട് ചെയ്തില്ലെങ്കിലും ജനങ്ങളുടെ ഭീതി വിട്ടുമാറിയിട്ടില്ല. സിസി ടിവിയിൽ മാരകായുധങ്ങളഉമായി രാത്രി സഞ്ചരിക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങൾ വന്നതോടെയാണ് ജനം ആശങ്കയിലായത്.
അതിരന്പുഴയിലും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളുടെ ഭിത്തിയിൽ പ്രത്യക്ഷപ്പെട്ട അടയാളങ്ങളാണ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നത്. പകൽ സമയങ്ങളിൽ വീടുകളുടെ പരിസരം വീക്ഷിക്കുന്നവർ മോഷ്ടാക്കൾക്കുവേണ്ടി ചെയ്യുന്നതാണിതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ഒരേ ഭാഗത്തെ വീടുകളുടെ ഭിത്തിയിലാണ് അടയാളങ്ങൾ കണ്ടെത്തിയത്.
ഇന്നലെ കടപ്പൂരിൽ തമിഴ്നാട് സ്വദേശിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ കുറുവ സംഘത്തിൽപ്പെട്ടയാളെന്നു സംശയിച്ചു നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചിരുന്നു. കടപ്പൂർ ഭാഗത്ത് നിർമാണത്തൊഴിലാളിയായി എത്തിയ ആളാണ് ഇയാളെന്നു പിന്നീടു ബോധ്യപ്പെട്ടു. തന്റെ കൂടെ പണിക്കു വന്ന ആളാണെന്നു വ്യക്തമാക്കി നിർമാണ കരാറുകാരനും പോലീസിനെ സമീപിച്ചിരുന്നു.
എന്നാൽ, ഇയാൾ കുറുവ സംഘത്തിൽപ്പെട്ടയാളാണെന്നു തെറ്റിദ്ധരിച്ചു സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണമുണ്ടായി. ചിത്രങ്ങളടക്കം പ്രചരിച്ചതോടെ ആശങ്ക വർധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ അതിരന്പുഴ ഭാഗത്ത് കുറുവ സംഘം എത്തിയതായുള്ള പ്രചാരണം സജീവമായതിനു പിന്നാലെ അപരിചിതരെ കണ്ടതാണു പ്രശ്നങ്ങൾക്കു വഴിതെളിച്ചത്.
ഇതിനു പുറമേ കോഴാ മേഖലയിലെ വിവിധ വീടുകളിൽ ആക്രിസാധനങ്ങൾ ശേഖരിക്കാനായി അപരിചിതരെത്തിയത് നേരിയ ആശങ്കയ്ക്കു വകവച്ചു. മലയാളം അറിയാത്ത ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് എത്തിയത് എന്നതിനാലാണ് ആശങ്ക ഉടലെടുത്തത്.
കോഴാ മേഖലയിൽ മലയാളം അറിയാത്ത അപരിചിതൻ എത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് സംഭവങ്ങൾക്കു തുടക്കമായത്. എംസി റോഡിൽ വെന്പള്ളിയിൽ ബസിറങ്ങി കടപ്പൂര് റോഡിലൂടെ സഞ്ചരിച്ച അപരിചിതനായ ഇയാളെ നാട്ടുകാർ പിന്തുടരുകയായിരുന്നു.
ചെരിപ്പ് കൈയിൽ പൊതിഞ്ഞു പിടിച്ചായിരുന്നു ഇയാൾ നടന്നിരുന്നത്. കടപ്പൂര് ചെറുകാട് ഭാഗത്തെത്തിയ ഇയാൾ കൂടല്ലൂർ റോഡിലെ എസ്എൻഡിപി ഓഡിറ്റോറിയത്തിനു മുന്നിലെത്തിയതോടെ നാട്ടുകാർ പിടികൂടി.
കുറവിലങ്ങാട് സ്റ്റേഷനിൽ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി സ്റ്റേഷനിലെത്തിച്ചു. തിരിച്ചറിയൽ രേഖകളോ മൊബൈൽ ഫോണോ കൈവശമില്ലാതിരുന്ന ഇയാൾ വെളിപ്പെടുത്തിയ വിവരങ്ങൾ ശേഖരിച്ചു പോലീസ് അന്വേഷണം നടത്തുന്നുണ്ട്.