29 November, 2021 10:15:22 PM
മർമ്മവിദ്യ അറിയാം: കുറുവാ സംഘത്തെ കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
ഏറ്റുമാനൂർ: കഴിഞ്ഞ ദിവസം അതിരമ്പുഴയിൽ കുറുവാസംഘം ഇറങ്ങിയെന്ന വാർത്ത പരന്നതിനെതുടർന്ന് ഭയചകിതരായി നാട്ടുകാർ. ഇന്നു വൈകിട്ട് കാട്ടാത്തിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും മോഷ്ടാക്കളെന്നു സംശയിക്കുന്നവർ ഇറങ്ങി ഓടിയതോടെ നാട്ടുകാരും പോലീസും ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കി. നാട്ടുകാർ ഇവരെ ഓടിച്ചിട്ടു പിടിക്കാൻ ശ്രമിച്ചെങ്കിലും രക്ഷപെട്ടു. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള ഏതെങ്കിലും സ്ഥലത്തായിരിക്കാം ഇവർ ഒളിച്ചതെന്നു സംശയിക്കുന്നു.
ഇതിനിടെ പോലീസും ഗ്രാമ പഞ്ചായത്ത് അധികൃതരും കരുതൽ നിർദേശങ്ങളുമായി രംഗത്തെത്തി. കുറുവാ സംഘത്തിന്റെ രീതികൾ മനസിലാക്കി ജനങ്ങൾ ജാഗരൂകരായി ഇരിക്കണമെന്നാണ് നിർദേശം.
വാതിൽ അടിച്ചു തകർത്തു വീടുകളിൽ അതിക്രമിച്ചുകയറുന്ന കുറുവ സംഘം മോഷണത്തിനിടയിൽ വീട്ടുകാരെ ക്രൂരമായി ആക്രമിക്കാനും മടിക്കാറില്ല. എന്ത് ചെയ്യാനും മടിക്കാത്ത സംഘങ്ങൾക്ക് മർമ്മ വിദ്യ നല്ല വശമാണ് .മോഷനത്തിനു കയറുന്ന വീടുകളിൽ ആളുകൾക്ക് പ്രഹരം ഏല്പ്പിക്കുക മർമ്മ സ്ഥാനത്ത് ആയിരിക്കും. പിന്നെ കരയാനോ ചലിക്കാനോ പോലും ആവില്ല. ബോധക്ഷയം വരെ ഉണ്ടാകാം.
വീടുകളിൽ നായ ഉണ്ടേൽ നായയെ പാട്ടിലാക്കാനോ മയക്ക് മരുന്ന് നായക്ക് നല്കാനോ ഇവർക്ക് സാധിക്കും. മൂവാറ്റുപുഴയിൽ നാടോടികൾ കയറിയ വീട്ടിലും നായ ഉണ്ടായിരുന്നു എങ്കിലും നായ കുരയ്ക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സംശയം ഉയർന്നിട്ടുണ്ട്.
ക്ഷാമവും പട്ടിണിയും ആയതിനാൽ മോഷണങ്ങളും പിടിച്ച് പറിയും കൂടി വരികയാണ്. ഏത് മലയാളിയുടെ വീട്ടിലും വീട്ടിലുള്ളവരുടെ ശരീരത്തും ആഭരണം ഉണ്ടാകും എന്ന അറിവാണ് കേരളത്തിലേക്ക് ബംഗ്ളാദേശിൽ നിന്നു പോലും മോഷ്ടാക്കൾ വരുന്നതിനു കാരണം. പകല്‍ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വില്‍ക്കുന്നവരുടെയും വീടുകൾ കയറിയിറങ്ങിയുള്ള കച്ചവടക്കാരുടെയും വേഷത്തിലാണ് കുറുവകള്‍ പ്രവര്‍ത്തിക്കുക. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിര്‍ക്കുന്നവരെ വകവരുത്താനും ഇവര്‍ ശ്രമിച്ചേക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവര്‍ച്ചയ്ക്ക് ഇറങ്ങുക. കവര്‍ച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലെ തങ്ങളുടെ കേന്ദ്രങ്ങളിലേക്കു കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി. ഇവർ ഒരു പ്രത്യേകമൊരു താവളം കേന്ദ്രീകരിച്ചല്ല കഴിയുന്നത്. മോഷണത്തിന് ശേഷം ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കില്‍ പാലങ്ങള്‍ക്കടിയിലോ ആണ് തമ്പടിക്കുക.
അസ്വാഭാവികമായി അപരിചിതരെ കാണുകയാണെങ്കില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. കമ്പിവടിയും വാളുമായി നീങ്ങുന്ന ഇവര്‍ നിസാരക്കാരല്ല. ഏതുസമയത്തും ആരെയും എതിര്‍ത്ത് തോല്‍പ്പിച്ച് കവര്‍ച്ച നടത്താനുള്ള ശേഷിയുള്ളവരാണിവര്‍. എഴുപത്തി അഞ്ചിലധികം വരുന്ന കവര്‍ച്ചക്കാരാണ് കുറുവ സംഘം.
രാത്രികാലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഏറ്റുമാനൂര്‍ പൊലീസ് നിര്‍ദേശം നല്‍കി. വാര്‍ഡുകള്‍ അടിസ്ഥാനത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റും നടത്തി. ചെറു സംഘങ്ങള്‍ രൂപീകരിച്ച് സുരക്ഷ ശക്തമാക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. റെയില്‍വേ ട്രാക്കിന്റെ സമീപ പ്രദേശങ്ങളില്‍ പോലീസ് പട്രോളിങ്ങും സജീവമാക്കി. രാത്രി 12നു ശേഷം റോഡിൽ സംശയാസ്പദമായ രീതിയിൽ കാണുന്നവരുടെ ഫോട്ടോ ആവശ്യമെങ്കിൽ പകർത്തി ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് കൈമാറും എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.