22 November, 2021 08:02:39 PM
വീടുകളുടെ നാശനഷ്ടം; അന്തിമ റിപ്പോർട്ട് നവംബർ 30 നകം നൽകാൻ നിർദേശം
മന്ത്രി വി.എൻ. വാസവന്‍റെ അധ്യക്ഷതയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി
കോട്ടയം: ഉരുൾപൊട്ടലിലും മഴക്കെടുതിയിലും പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ നാശനഷ്ടം കണക്കാക്കിയുള്ള അന്തിമ റിപ്പോർട്ട് നവംബർ 30നകം നൽകണമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മഴക്കെടുതി നേരിട്ട പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കളക്‌ട്രേറ്റിൽ കൂടിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് നിയമപ്രകാരം ജനങ്ങൾക്ക് പരമാവധി സഹായം ലഭ്യമാകുന്നവിധം അന്തിമ റിപ്പോർട്ട് തയാറാക്കണം. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും റവന്യൂ, തദ്ദേശസ്വയംഭരണവകുപ്പ് എൻജിനീയർമാരും സംയുക്തമായി പരിശോധിച്ച് വീടുകളുടെ നാശനഷ്ടം വിലയിരുത്തി യാഥാർഥ്യബോധത്തോടെ, തർക്കരഹിതമായ റിപ്പോർട്ട് നൽകണം. തകർന്ന റോഡുകളും പാലങ്ങളും ഗതാഗതയോഗ്യമാക്കാനുള്ള എസ്റ്റിമേറ്റ് നവംബർ 30നകം നൽകാനും മന്ത്രി പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.
വിവിധ വകുപ്പുകൾ നാശനഷ്ടം സംബന്ധിച്ച അന്തിമ റിപ്പോർട്ട് 30നകം നൽകണം. ഗതാഗത തടസങ്ങൾ ഒഴിവാക്കി റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിന് ഗൗരവമായ നടപടി വേണം. മഴക്കെടുതിയിലും ഉരുൾപൊട്ടലിലും നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് ദുരിതബാധിത മേഖലയിൽ പ്രത്യേക അദാലത്ത് നടത്തുമെന്ന് മഹാത്മാഗാന്ധി സർവകലാശാല അറിയിച്ചതായി മന്ത്രി പറഞ്ഞു. വീടുകളുടെ നാശനഷ്ടം പൂർണമായി വിലയിരുത്തുന്നതിന് തദ്ദേശസ്വയംഭരണ എൻജിനീയർമാരുടെ സേവനം ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി.
ദുരിതമേഖലയിൽ കെ.എസ്.ഇ.ബി., ജല അതോറിറ്റി, ബി.എസ്.എൻ.എൽ. എന്നിവ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചതായി മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. കൈവരികളടക്കം തകർന്ന വിവിധ പാലങ്ങൾ ഗതാഗത യോഗ്യമാക്കാനുള്ള നടപടി ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം. ജിനു പുന്നൂസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.