12 November, 2021 11:41:45 AM
'കുറുപ്പ്' സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യഹർജി
കൊച്ചി: ദുൽഖർ സൽമാൻ നായകനായ കുറുപ്പിനെതിരെ കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. നവംബർ 12 ന് ചിത്രം തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്. സിനിമയുടെ പ്രമേയമായ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്‍റെ സ്വകാര്യത ഹനിക്കുന്നതാണ് ചിത്രം എന്നായിരുന്നു കൊച്ചി സ്വദേശിയുടെ പൊതുതാൽപര്യ ഹർജി.
പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും ഇന്റർപോളിനും സിനിമാ നിർമ്മാതാക്കൾക്കും കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. എന്നാൽ ചിത്രത്തിന് സ്റ്റേ ഉത്തരവ് കോടതി പുറപ്പെടുവിച്ചിട്ടില്ല. 1984-ൽ ചാക്കോ എന്ന വ്യക്തിയെ കൊലപ്പെടുത്തി, ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാനായി സ്വന്തം മരണത്തിന് മൃതദേഹം ഉപയോഗിച്ച ഒരു കുറ്റവാളിയുടെ കഥയാണ് 'കുറുപ്പ്' പറയുന്നത്.
നാല് പതിറ്റാണ്ടോളം പോലീസ് പിടിയിൽ നിന്ന് ഒഴിഞ്ഞുമാറിയ സുകുമാരക്കുറുപ്പായി ദുൽഖർ സൽമാൻ വേഷമിടുന്നു. കുറുപ്പ് 2021 മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ടിയിരുന്നു. എന്നിരുന്നാലും, കോവിഡ് -19 രണ്ടാം തരംഗവും തുടർന്നുള്ള ലോക്ക്ഡൗണും കാരണം മാറ്റിവയ്ക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ദുൽഖർ സൽമാന്റെ ത്രില്ലർ ചിത്രം 'കുറുപ്പിലെ' ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. നവംബർ 11 ന് യുഎഇ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുകയാണ്. ഇതാദ്യമായാണ് ഒരു മലയാള സിനിമ ബുർജ് ഖലീഫയുടെ സ്ഫടിക പാനലുകളിൽ മിന്നിത്തിളങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തില്‍ മാത്രം 450ലേറെ തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. വേള്‍ഡ് വൈഡ് 1500 തിയേറ്ററുകളിലാണ് ചിത്രമെത്തുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം ഇതിനകം പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി തീര്‍ന്നിട്ടുണ്ട്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.