17 June, 2016 10:23:20 AM
'ഉഡ്താ പഞ്ചാബ്' ചോര്‍ത്തിയ ആളെ കണ്ടെത്തിയെന്ന് പൊലീസ്
മുംബൈ: സര്‍ട്ടിഫിക്കറ്റിന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച ബോളിവുഡ് ചിത്രം 'ഉഡ്താ പഞ്ചാബ്' പ്രദര്‍ശനത്തിനു എത്തുന്നതിനുമുമ്പ് ഓണ്‍ലൈനില്‍ ചോര്‍ത്തി നല്‍കിയ ആളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്. വെള്ളിയാഴ്ച 2000 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം ആരംഭിക്കാനിരിക്കെ ബുധനാഴ്ചയാണ് ചിത്രം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്‍െറ ഡി.വി.ഡികള്‍ നഗരത്തിലെ തെരുവു കച്ചവടക്കാര്‍ക്കിടയില്‍ വില്‍പനക്കത്തെിയതായും വിവരമുണ്ട്.
ഓണ്‍ലൈന്‍ വഴിയുള്ള ലഭ്യത തടയാന്‍ നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞെങ്കിലും വ്യാജ ഡി.വി.ഡി തലവേദനയായി. പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് സെന്‍സര്‍ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലജ് നിഹലാനി 89 കട്ടുകള്‍ നിര്‍ദേശിച്ചതോടെ ശ്രദ്ധ നേടിയ 'ഉഡ്താ പഞ്ചാബ്' ബോംബെ ഹൈകോടതിയുടെ ഇടപെടലോടെ ഒറ്റക്കട്ടിലൊതുക്കി വെള്ളിയാഴ്ച പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഇതിനിടെയാണ് ചോരല്‍. സെന്‍സര്‍ ബോര്‍ഡിന്‍െറ വാട്ടര്‍മാര്‍ക്കോടെയാണ് ഓണ്‍ലൈനിലെ കോപ്പി എന്നതിനാല്‍ സെന്‍സര്‍ ബോര്‍ഡില്‍നിന്നാണ് ചോര്‍ന്നതെന്നാണ് സംശയം. വിവാദ ചിത്രത്തെ സെന്‍സര്‍ ബോര്‍ഡ് അട്ടിമറിച്ചതാണെന്ന് സിനിമാ നിര്‍മാണ മേഖലയിലുള്ളവര്‍ സംശയം പ്രകടിപ്പിച്ചു.
സെന്‍സര്‍ ബോര്‍ഡിന്‍െറ കോപ്പിയാണ് ചോര്‍ന്നതെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന് അത് അപമാനമായിരിക്കുമെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. എന്നാല്‍, തനിക്കോ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കോ ജീവനക്കാര്‍ക്കോ സംഭവത്തില്‍ പങ്കില്ളെന്ന് പഹ്ലജ് നിഹലാനി പറഞ്ഞു. ഒറ്റക്കട്ടില്‍ ഒതുക്കി 48 മണിക്കൂറിനകം സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ബോംബെ ഹൈകോടതി ഉത്തരവ് ബോര്‍ഡ് നടപ്പാക്കി.
എന്നാല്‍, സര്‍ട്ടിഫിക്കറ്റില്‍ സിനിമ കണ്ട് അനുമതി നല്‍കേണ്ട ഉദ്യോഗസ്ഥര്‍ക്കു പകരം നിര്‍മാതാക്കള്‍ക്ക് അനുകൂലമായി വിധിച്ച ബോംബെ ഹൈകോടതി ജഡ്ജിമാരുടെ പേരാണ് രേഖപ്പെടുത്തിയത്. ആദ്യമായാണ് ഇത്തരം സംഭവമെന്ന് സിനിമാ മേഖലയിലുള്ളവര്‍ പറയുന്നു. തന്‍െറ ചിത്രങ്ങളില്‍ പലതിനും കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതെന്നും എന്നാല്‍, ആ സര്‍ട്ടിഫിക്കറ്റുകളില്‍ ജഡ്ജിമാരുടെ പേരല്ല ഉള്ളതെന്നും ആനന്ദ് പട്വര്‍ധന്‍ പറഞ്ഞു.