30 October, 2021 02:26:13 PM
ഓട്ടോ കത്തിച്ചതിനും ഡ്രൈവറെ വധിക്കാനും ശ്രമിച്ച സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ ?
കോട്ടയം: മെഡിക്കൽ കോളജിനു സമീപം ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ. ഗാന്ധിനഗർ പോലീസ് അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ച രാത്രി 9.30-നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും ഇഎസ്ഐയിലേക്കുള്ള റോഡിൽ മുടിയൂർക്കരയ്ക്കു സമീപം സംഭവം നടന്നത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി ചൂട്ടശേരി വിഷ്ണു (27) പോലീസിന്റെ പിടിയിലായിരുന്നു.
പാലാ പൂവരണി സ്വദേശി കല്ലുവെട്ടുംകുഴി അഖിലാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിനു പിന്നിൽ കാഞ്ഞിരപ്പള്ളി സ്വദേശി വൈശാഖ് എന്നയാളുടെ ക്വട്ടേഷനാണെന്നു പോലീസ് സംശയിക്കുന്നു. അഖിലും വൈശാഖും പ്രണയം സംബന്ധിച്ചുള്ള വിഷയത്തിൽ മുന്പ് വാക്കു തർക്കമുണ്ടായിരുന്നു. ഇതാണ് ക്വട്ടേഷനിലേക്കു വഴിതിരിച്ചത്.
പാലായിൽനിന്നും ഓട്ടം വിളിച്ചുകൊണ്ടുവന്ന അഖിലിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. പാലാ പൂവരണിയിൽനിന്നും വിഷ്ണു കോട്ടയം മെഡിക്കൽ കോളജിലേക്ക് ഓട്ടം വിളിച്ചുകൊണ്ടുവന്നതായിരുന്നു ഓട്ടോ. മുടിയൂർക്കര എ ടൈപ് ക്വാർട്ടേഴ്സിനു സമീപം എത്തിയപ്പോഴാണ് അഖിലിനെ ആക്രമിച്ച് വാഹനം അഗ്നിക്കിരയാക്കിയത്.
വിഷ്ണു ആസിഡും മണ്ണെണ്ണയും കൈയിൽ കരുതിയിരുന്നു. ആളൊഴിഞ്ഞ ഇടത്തെത്തിയപ്പോൾ ആസിഡ് ഒഴിക്കുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ അഖിൽ ഓട്ടോ നിർത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. മുന്പ് കാലിനേറ്റ പരിക്കു കാരണം വിഷ്ണുവിനു പിന്നാലെ ഓടാൻ കഴിഞ്ഞില്ല. ഇതിനു ശേഷമാണ് ഓട്ടോ കത്തിച്ചത്.
അഖിൽ ഓടി വഴിയിലുണ്ടായിരുന്ന തട്ടുകടയിലെത്തി കാര്യം ധരിപ്പിക്കുകയും തുടർന്ന് പോലീസിൽ അറിയിക്കുകയുമായിരുന്നു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെന്നു സംശയിക്കുന്ന വിഷ്ണുവിനെ സംഭവ സ്ഥലത്തു നിന്നും പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. ക്വട്ടേഷൻ സംബന്ധിച്ചുള്ള കൂടുതൽ വിവരം ഇനി പുറത്തുവരാനുണ്ട്.