24 October, 2021 06:59:19 PM
ഏറ്റുമാനൂരിൽ തടിലോറി നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
ഏറ്റുമാനൂർ: നിയന്ത്രണം വിട്ട തടിലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലിടിച്ച് ഉണ്ടായ അപകടത്തിൽ, പിക്കപ്പ് വാൻ ഡ്രൈവർ മരണമടഞ്ഞു. തമിഴ്നാട് തിരുനൽവേലി അംബാസമുദ്രം ആൾവർക്കുറിച്ചി സുന്ദരപാണ്ട്യവിനായകർ തെരുവിൽ ശിവനുവിന്റെ മകൻ മുരുകൻ (23) ആണ് മരണമടഞ്ഞത്.
എം. സി.റോഡിൽ തെള്ളകത്തിനും ഏറ്റുമാനൂരിനുമിടയിൽ 101 കവല ഭാഗത്ത് ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽനിന്നും എത്തിച്ച വാഴക്കുലകൾ കോട്ടയം പച്ചക്കറി മാർക്കറ്റിൽ ഇറക്കിയശേഷം മടങ്ങുന്നതിനിടയിൽ തകരാറിലായ പിക്കപ്പ് വാൻ റോഡരുകിൽ നിർത്തിയതാണ്. ഡ്രൈവർ മുരുകൻ വാനിന്റെ ബോണറ്റ് ഉയർത്തി പരിശോധിക്കുന്നതിനിടയിൽ ലോറി വാനിനു പിന്നിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും തെന്നി മാറിയ പിക്കപ്പ് വാൻ തൊട്ടടുത്ത മതിലിൽ ഇടിച്ചു മറിഞ്ഞു. മതിലിനും വാനിനുമിടയിൽ ഞെരിഞ്ഞമർന്ന മുരുകനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറ്റുമാനൂർ പോലീസ് കേസ് എടുത്തു.