19 October, 2021 12:59:55 AM
സമാന്തര ടെലിഫോണ്‍: മുഖ്യകണ്ണി ഇബ്രാഹിം; റിക്രൂട്ട്മെന്റ് ദുബായിൽ
കോഴിക്കോട് : രാജ്യത്തെ പ്രധാന നഗരങ്ങളില്‍ അടുത്തിടെ പിടികൂടിയ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടെ നടത്തിപ്പുകാരെ റിക്രൂട്ട് ചെയ്തതു ദുബായിയില്‍ വച്ച്. സാമ്പത്തിക ബാധ്യതയുള്ള ബിസിനസുകാരെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ റിക്രൂട്ട്മെന്റ്. മത-രാഷ്ട്രീയ പശ്ചാത്തലം വരെ വിശദമായ ശേഖരിച്ച ശേഷമാണ് സമാന്തര ടെലിഫോണ്‍ ശൃംഖലയുടെ ഭാഗമാക്കുന്നത്.
പിടിയിലായ പലര്‍ക്കും തിവ്രസ്വാഭാവമുള്ള ചില സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് സംസ്ഥാനത്തെ ടെലിഫോണ്‍ എക്സ്ചേഞ്ച് കേസുകള്‍ അന്വേഷിക്കുന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്). കേരളത്തിലെ നാലു ജില്ലകളിലുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒരു ഡസനിലേറെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്ത്തിപ്പിക്കുന്നതിനു പിന്നില്‍ ദുബായിയില്‍ റിക്രൂട്ട് ചെയ്ത മലയാളികളായ വ്യക്തികളുടെ പങ്കുണ്ടെന്നും എടിഎസ് കണ്ടെത്തി.
എടിഎസിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം ഡല്‍ഹിയിലുള്‍പ്പെടെ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം ലഭിച്ചത്. ഡല്‍ഹിയിലെ സ്പെഷല്‍ സെല്ലും ദരിയാഗഞ്ച് പോലീസും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പിടികൂടിയിരുന്നു. ഈ രണ്ട് അന്വേഷണസംഘങ്ങളുമായി എടിഎസ് സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.
എക്സ്ചേഞ്ചുകള്‍ ആരംഭിക്കേണ്ട സ്ഥലങ്ങളും ഇതിനാവശ്യമായ ചൈനീസ് നിര്‍മിത ഉപകരണങ്ങളും ഉള്‍പ്പെടെ എത്തിച്ചു നല്‍കുന്നത് ദുബായ് സംഘത്തിന്റെ നിര്‍ദേശാനുസരണമാണ്. കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടില്‍, കോട്ടക്കല്‍ സ്വദേശി മുഹമ്മദ് സലീം എന്നിവരാണ് ദക്ഷിണേന്ത്യയിലെ പ്രധാന കണ്ണികള്‍. എക്സ്ചേഞ്ചുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിതരണവും നടത്തിപ്പുകാര്‍ക്കുള്ള പരിശീലനവും നല്‍കുന്നത് ഇബ്രാഹിമായിരുന്നു. ഇതു ദുബായ് സംഘത്തിന്റെ നിര്‍ദേശാനുസരണമാണത്രെ.
സ്വര്‍ണക്കടത്ത് സംഘവും കുഴല്‍പണ ഇടപാടുകാരും മറ്റും ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടെ സാമ്പത്തിക ഇടപാടുകള്‍ വ്യാജ സിംകാര്‍ഡ് ഉപയോഗിച്ചാണ് നടക്കുന്നതെന്നാണ് എടിഎസിന്റെ കണ്ടെത്തല്‍. വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ ഉപയോഗിച്ചു സംഘടിപ്പിക്കുന്ന സിംകാര്‍ഡുകള്‍ വഴി യുപിഐ ട്രാന്സേഷനുകളാണ് പ്രധാനമായും നടക്കുന്നത്. വ്യാജ സിംകാര്ഡുകളായതിനാല് ഇടപാടുകളുടെ ഉറവിടം എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് എടിഎസ് പറയുന്നത്.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിലൂടെ രാജ്യത്തെ ക്രിമിനല്‍ നെറ്റ്വര്‍ക്ക് ഹബ്ബാക്കി മാറ്റുകയായിരുന്നു ഇത്തരം സംഘങ്ങളുടെ ലക്ഷ്യം. സിംകാര്‍ഡ് വഴിയുള്ള കുറ്റാന്വേഷണ രീതിയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചത്. ഇതുവഴി സ്വര്‍ണക്കടത്ത്, കുഴല്‍പ്പണം ലഹരി കച്ചവടം, ദേശവിരുദ്ധ പ്രവര്‍ത്തനം തുടങ്ങി എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
തെളിവുകളുണ്ടാവില്ലെന്നും അഥവാ പിടികൂടിയാല്‍ ടെലിഫോണ്‍ തട്ടിപ്പ് എന്ന രീതിയില്‍ നിയമത്തിനു മുന്നില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗവുമായിരുന്നു ഇത്തരം സംഘങ്ങള്‍ തുടര്‍ന്നിരുന്നത്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, മുംബൈ, തൂത്തുകുടി, മൈസൂരു, ചെന്നൈ, എര്‍ണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു.