16 October, 2021 03:16:23 PM
പൂഞ്ഞാറില്‍ ഉരുള്‍പൊട്ടൽ; കാഞ്ഞിരപ്പള്ളിയും ഈരാറ്റുപേട്ടയും വെള്ളത്തിനടിയില്‍
കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉരുൾ പൊട്ടി. ചോലത്തടം ഭാഗത്താണ് ഉരുൾ പൊട്ടലുണ്ടായത്. പഞ്ചായത്ത് അംഗം റെജി ഷാജിയുടെ വീട് ഭാഗകമായി തകര്‍ന്നു. മന്നം ഭാഗത്ത് ആള്‍ത്താമസമില്ലാത്ത വീട് ഒലിച്ചു പോയി. പൂഞ്ഞാര്‍, മുണ്ടക്കയം, ഇളങ്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായി മഴ പെയ്യുന്നത്.
പൂഞ്ഞാര്‍ സെന്റ് മേരിസ് പള്ളിക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. വെള്ളക്കട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് കുടുങ്ങിയത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. കാഞ്ഞിരപ്പള്ളി ടൗണും വെള്ളത്തിനടിയിലായി. ആദ്യമായാണ് കാഞ്ഞിരപ്പള്ളി ടൗണിൽ വെള്ളം കയറുന്നത്. മേരി ക്യൂൻസ് ആശുപത്രിയും പരിസരവും വെള്ളം നിറഞ്ഞു. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു.