13 October, 2021 10:56:52 AM
പ്രണയാഭ്യര്‍ത്ഥന നിരസിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ നടുറോഡില്‍ കുത്തിക്കൊന്നു
പൂനെ: പ്രണയത്തിന്റെ പേരിൽ വീണ്ടും കൊലപാതകം. പൂനെയിൽ നിന്നാണ് പുതിയ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് കുത്തിക്കൊലപ്പെടുത്തിയത്. പൂനെയിലെ ബിബ്വേവാദി ഏരിയയിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ക്ഷിതിജ (14) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നും കബഡി ക്ലാസിന് പോയ പെൺകുട്ടിയെ യുവാവ് വഴിയിൽ തടഞ്ഞു നിർത്തി നിരവധി തവണ കുത്തുകയായിരുന്നു.
പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് കബഡി ക്ലാസിന് പുറപ്പെട്ട പെൺകുട്ടിയെ 5.45 ഓടെ ബൈക്കിലെത്തിയ ഋഷികേഷ് എന്ന ശുഭം ഭഗവത്(22) ബൈക്കിൽ എത്തി തടഞ്ഞു നിർത്തി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ ശുഭം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.
കൊലപാതക സമയത്ത് ക്ഷിതിജയ്ക്കൊപ്പം കൂട്ടുകാരിയുമുണ്ടായിരുന്നു. ഈ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതി സ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതി. ഇയാളുടെ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തു നിന്നും തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.