06 October, 2021 12:05:50 PM


പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു



ഏറ്റുമാനൂർ: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പേരൂർ ചിറ്റുമാലിയിൽ മാധവന്‍നായരുടെയും തങ്കമണിയുടെയും മകന്‍ സി.എം.പ്രമോദ് (46) ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെ പേരൂർ പൂവത്തുംമൂട് പാലത്തിനു സമീപമുള്ള വീടിനു മുന്നിലെ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു. പുറത്തുപോയ ഭാര്യ തിരിച്ചെത്തിയപ്പോൾ പ്രമോദിനെ കാണാതെ വരികയും തുടർന്നുള്ള അന്വേഷണത്തിൽ കടവിൽ ചെരുപ്പ് കണ്ടെത്തുകയുമായിരുന്നു.

പുഴയിൽ വീണിരിക്കാമെന്ന നിഗമനത്തിൽ കോട്ടയത്തുനിന്ന് എത്തിയ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിൽ ഫലം കണ്ടില്ല. ഇന്ന് രാവിലെ വീണ്ടും തുടർന്ന തിരച്ചിലിനിടെ കടവിൽ നിന്നു തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രമോദ് സ്ഥിരമായി ഈ ഭാഗത്താണ് കുളിക്കാനെത്തുന്നതെന്ന് നാട്ടുകാരും, ബന്ധുക്കളും പറഞ്ഞു.

എന്നാൽ ഇന്നലെ കുളിക്കാനിറങ്ങവേ ആഴമേറിയ ഭാഗത്ത് വീണപ്പോൾ ഇല്ലികൾക്കിടയിലേക്ക് പെട്ടു പോകുകയായിരുന്നു എന്നാണ് കരുതുന്നത്. ഏറ്റുമാനൂർ വെട്ടൂർ ടെക്സ്റ്റൈൽസ് ജീവനക്കാരനായിരുന്നു. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ദിവ്യ, മകള്‍: നന്ദന. സഹോദരങ്ങള്‍: പ്രശാന്ത്, പ്രദീപ്. സംസ്കാരം വ്യാഴാഴ്ച പന്ത്രണ്ടിന് വീട്ടുവളപ്പില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.4K