20 September, 2021 01:18:27 PM


മിന്നൽപരിശോധനക്കായി വേഷം മാറിയെത്തിയ കേന്ദ്രമന്ത്രിയ്ക്ക് സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനം !



ന്യൂഡൽഹി: ആശുപത്രിയിലെ യഥാർഥ സാഹചര്യങ്ങൾ നേരിട്ടറിയാൻ വേഷം മാറി ഇറങ്ങിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനം. ഡൽഹിയിലെ പ്രധാന ആശുപത്രികളിലൊന്നായ സഫ്ദർ ജംഗ് ആശുപത്രിയിൽ മിന്നൽ പരിശോധന നടത്താൻ ഒരു സാധാരണ രോഗിയുടെ വേഷത്തിൽ എത്തിയതായിരുന്നു അദ്ദേഹം.

ആശുപത്രി ഗേറ്റിലെത്തിയപ്പോഴേ മന്ത്രിക്കുണ്ടായ അനുഭവം അത്ര സുഖമുള്ളതായിരുന്നില്ല. ആശുപത്രിയിലെ അവസ്ഥ നേരിട്ടറിയാൻ എത്തിയ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ ഇടിച്ചതായും സമീപത്തെ ബഞ്ചിൽ ഇരിക്കാൻ ഒരുങ്ങിയപ്പോൾ ചീത്ത വിളിച്ചു മർദിച്ചതായും മന്ത്രി തന്നെ വെളിപ്പെടുത്തി. സഫ്ദർ ജംഗ് ആശുപത്രിയെ തന്നെ ഓക്സിജൻ പ്ലാന്‍റ് അടക്കം നാലു സേവന കേന്ദ്രങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടത്തുന്നതിനിടയിലാണ് ഇതേ ആശുപത്രിയിൽ തനിക്കു മർദനം ഏൽക്കേണ്ടി വന്ന കഥ ആരോഗ്യമന്ത്രി വെളിപ്പെടുത്തിയത്.

ആശുപത്രിയിലെ പല കണ്ണീർകാഴ്ചകളും തനിക്കു നേരിട്ടു കാണേണ്ടി വന്നെന്നു മന്ത്രി പറഞ്ഞു. സ്ട്രച്ചർ അടക്കമുള്ള ചികിത്സാ സഹായങ്ങൾ കിട്ടാൻ ജനങ്ങൾ പരക്കംപായുന്നതു കണ്ടു. തന്‍റെ മകനുവേണ്ടി ഒരു സ്ട്രെച്ചർ എടുക്കണമെന്നു സെക്യൂരിറ്റി ജീവനക്കാരുടെ പിന്നാലെ നടന്നു കരഞ്ഞുപറയുന്ന വയോധികയെ കണ്ടു. എന്നാൽ, 1500ലേറെ സുരക്ഷാജീവനക്കാരുള്ള ആശുപത്രിയിൽ ആരും അവരെ സഹായിക്കാൻ എത്തുന്നതു കണ്ടില്ലെന്നും മന്ത്രി തുറന്നടിച്ചു.

താൻ നേരിട്ട ദുരനുഭവം പ്രധാനമന്ത്രിയെത്തന്നെ നേരിട്ട് അറിയിച്ചിരുന്നു. ആ ജീവനക്കാരെ പുറത്താക്കിയോയെന്നു പ്രധാനമന്ത്രി ചോദിച്ചിരുന്നു. ഒരാളെ മാത്രമായി പുറത്താക്കിയിട്ടു വലിയ കാര്യമില്ലെന്നും അവിടെ നിലനിൽക്കുന്ന വ്യവസ്ഥിതി ആകെ മാറിയാലേ പ്രയോജനമുള്ളെന്നും താൻ പ്രധാനമന്ത്രിയോടു പറഞ്ഞെന്നും മാണ്ഡവ്യ കൂട്ടിച്ചേർത്തു. ആശുപത്രിയും ജീവനക്കാരും ഒരു നാണയത്തിന്‍റെ ഇരുവശങ്ങൾ പോലെയാണെന്നും ഒരുമിച്ചു പ്രവർത്തിച്ചെങ്കിൽ മാത്രമേ രോഗികൾക്കും നാടിനും ഗുണമുണ്ടാകൂയെന്നും അദ്ദേഹം ജീവനക്കാരെ ഓർമിപ്പിച്ചു.

കേന്ദ്രആരോഗ്യമന്ത്രി ആശുപത്രിയിൽ നേരിട്ട ദുരനുഭവം വിവരിച്ചപ്പോൾ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു ആശുപത്രിയിലെ ജീവനക്കാർ. കോവിഡ് ചികിത്സയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഡോക്ടർമാർ അടക്കമുള്ളവരെ മന്ത്രി ചടങ്ങിൽ അഭിനന്ദിക്കുകയും ചെയ്തു. പല ആശുപത്രികളിലെയും സാഹചര്യങ്ങൾ അറിയാൻ സാധാരണ രോഗി എന്ന നിലയിൽ കേന്ദ്രമന്ത്രി സന്ദർശനം നടത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K