19 September, 2021 06:57:43 PM
മുണ്ടക്കയത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും വീട്ടിലും റെയ്ഡ്: പണവും രേഖകളും പിടിച്ചെടുത്തു; ഉടമ ഒളിവില്‍
മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാന്‍ഡ് ജങ്ഷനു സമീപം പ്രവര്‍ത്തിയ്ക്കുന്ന വെട്ടിക്കാട്ട് ഫിനാന്‍സിലും, ഉടമയുടെ വീട്ടിലും മുണ്ടക്കയം പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ ഒരേ സമയത്ത് നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച പണവും രേഖകളും പിടികൂടി. മൂന്നു ലക്ഷം രൂപ കൂടാതെ ഒപ്പിട്ടതും, ഒന്നും എഴുതി ചേര്‍ക്കാത്തതുമായ എട്ട് മുദ്ര പത്രങ്ങള്‍, 15 ചെക്കുകള്‍ എന്നിവയാണ് മാങ്ങാപ്പാറയിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്.
റെയ്ഡ് നടക്കുന്ന വിവരം അറിഞ്ഞ ഉടമ മാങ്ങാപേട്ട വെട്ടിക്കാട്ട് പ്രിന്‍സ് ഏബ്രഹാം(38) ഒളിവില്‍ പോയതിനാല്‍ പിടികൂടാനായില്ല. ഈട് വാങ്ങി അമിത പലിശയ്ക്ക് പണം നല്‍കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്നു ദീര്‍ഘനാളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. സ്ഥാപനവും വീടും റെയ്ഡ് ചെയ്യാന്‍ കോടതിയില്‍ നിന്നും അനുമതി വാങ്ങിയായിരുന്നു പരിശോധന നടത്തിയത്. ഉടമയ്ക്കെതിരെ കേരള മണി ലെന്റിങ് ആക്ട് അനുസരിച്ചു കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഈ സ്ഥാപനത്തില്‍ നിന്നും പണം പലിശയ്ക്ക് നല്‍കുകയും അമിതപലിശ വാങ്ങിയ ശേഷം വീണ്ടും പലിശയും മുതലും ആവശ്യപെട്ടു ഫോണിലൂടെ ടൗണിലെ വ്യാപാരിയെ കുത്തി കൊല്ലുമെന്നു ഭീഷണി മുഴക്കിയത് സംബന്ധിച്ചു ഇയാളുടെ പിതാവിനെതിരെ ഒരു മാസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയ സംഭവത്തിന്റെ ചൂടാറുംമുമ്പാണ് റെയ്ഡില്‍ രേഖകള്‍ പിടിച്ചെടുത്തത്.
എസ്.ഐ.മാരായ പ്രദീപ് ലാല്‍,ബിജു, എ.എസ്.ഐ.രാജേഷ്, വനിത സിവില്‍പൊലീസ് ഓഫീസര്‍ ബിന്ദു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.