18 September, 2021 12:34:13 PM
ഗെയിം കളിക്കാൻ സമ്മതിച്ചില്ല; വീട് വിട്ടിറങ്ങിയ ഏഴു വയസ്സുകാരനെ മിഠായി നൽകി പൊലീസ് തിരിച്ചുകൊണ്ടുവന്നു
കോട്ടയം: ഗെയിം കളിക്കാൻ സമ്മതിക്കാത്തതിനെതുടര്‍ന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ഏഴു വയസ്സുകാരനെ മിഠായി നൽകി പൊലീസ് തിരിച്ചുകൊണ്ടുവന്നു. കൈപ്പുഴയിലാണ് വീട്ടുകാരെയും നാട്ടുകാരെയും പോലീസിനെയും ഒക്കെ ഏഴ് വയസ്സുകാരന്‍ മുൾമുനയിൽ നിർത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് നാടകീയ സംഭവം അരങ്ങേറിയത്.
സംഭവത്തെക്കുറിച്ച് രക്ഷിതാവായ പ്രതീഷ് പൊലീസിനോട് പറഞ്ഞത് ഇങ്ങനെ, വൈകുന്നേരം അഞ്ചുമണിക്ക് കുട്ടിക്ക് ട്യൂഷൻ ഉണ്ടായിരുന്നു. എന്നാൽ ആ സമയം കുട്ടി മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗെയിം കളി അവസാനിപ്പിച്ച് ട്യൂഷന് പോകാൻ രക്ഷിതാക്കൾ നിർദ്ദേശിച്ചു. ഇത് കേൾക്കാൻ ആദ്യം കുട്ടി തയ്യാറായില്ല. തുടർന്ന് നിർബന്ധപൂർവ്വം ട്യൂഷന് പോകാൻ പറഞ്ഞതോടെ കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവമാണ്. വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ കുട്ടിയെ അന്വേഷിച്ച് രക്ഷിതാക്കൾ പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല. സമീപവീടുകളിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. സമീപവാസികളും നാട്ടുകാരും തിരച്ചിലിൽ പങ്കാളികളായതോടെ അന്വേഷണം സമീപ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു.
അന്വേഷണം അര മണിക്കൂറോളം എത്തിയിട്ടും കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ വീട്ടുകാരും നാട്ടുകാരും ഏറ്റുമാനൂർ പോലീസിനെ വിവരം അറിയിച്ചു. പിന്നെ നടന്നത് സിനിമയെ വെല്ലുവന്ന ത്രില്ലിംഗ് ക്ലൈമാക്സ് ആണ്. ഏറ്റുമാനൂർ സർക്കിൾ ഇൻസ്പെക്ടർ സി ആർ രാജേഷിന്‍റെ നേതൃത്വത്തില്‍ രണ്ട് ജീപ്പുകളിൽ പോലീസ് പ്രദേശത്താകെ പരിശോധനയ്ക്ക് ഇറങ്ങി. ഇതിനിടെ സംഭവത്തെക്കുറിച്ച് അഭ്യൂഹങ്ങളും പരന്നു.
കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി ചിത്രമടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിച്ചു. ആകെ പരിഭ്രാന്തി നിൽക്കുന്ന സാഹചര്യത്തിനിടയിലാ വീടിന് ഒരു കിലോമീറ്റർ അകലെ ഉൾപ്രദേശത്ത് ഒരു കുട്ടി ഒറ്റയ്ക്ക് ഇരിക്കുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയോട് വിവരങ്ങൾ ആരാഞ്ഞതോടെ കാണാതായ ആൾ തന്നെയാണ് ഇതെന്ന് പോലീസ് രക്ഷിതാക്കളുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചു. തുടര്‍ന്ന് മിഠായി നൽകി വശീകരിച്ച് പൊലീസ് കുട്ടിയെ തിരികെ വീട്ടിൽ എത്തിക്കുകയായിരുന്നു.
മൊബൈൽ ഫോൺ കുട്ടികളിലുണ്ടാക്കുന്ന ആകർഷണം വലിയ വില്ലനായി മാറുന്ന സംഭവങ്ങളിലേക്കാണ് ഇതും എത്തിയത്. ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമായി നടപ്പാക്കുമ്പോൾ അതുമൂലമുണ്ടാകുന്ന പ്രതിസന്ധികളാണ് പലയിടത്തുനിന്നും ഉയർന്നുവരുന്നുണ്ട്. മൊബൈൽ കുട്ടികൾക്ക് നൽകുമ്പോൾ ഏറെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ഏറ്റുമാനൂർ പോലീസ് ആവർത്തിക്കുകയാണ്.