14 September, 2021 07:48:54 PM


കോവിഡ് കാലത്തും വിദ്യാഭ്യാസരംഗത്ത് പുരോഗതി - മന്ത്രി വി.എൻ. വാസവൻ



ഏറ്റുമാനൂര്‍: കോവിഡ് മഹാമാരിക്കാലത്തും കേരളത്തിലെ വിദ്യാഭ്യാസമേഖല ഉയർച്ചയുടെ പാതയിലാണെന്ന് മന്ത്രി വി.എൻ. വാസവൻ. ഒരു കോടി രൂപ കിഫ്ബി ഫണ്ട് മുടക്കി മെഡിക്കൽ കോളജ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ നിരവധി സ്‌കൂളുകൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനായിട്ടുണ്ട്. എല്ലാ നിയോജക മണ്ഡലത്തിലും അന്തർദേശീയനിലവാരത്തിലുള്ള ഒരു സ്‌കൂൾ എന്ന ആശയം നടപ്പാക്കി. എല്ലാ സർക്കാർ സ്‌കൂളുകളിലെയും പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കാനായതും വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ഗ്രാമപഞ്ചായത്തംഗം അരുൺ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജില്ലാ കോഡിനേറ്റർ കെ.ജെ. പ്രസാദ്, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.വി. പ്രസീത, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ പി.ബി. ജയശങ്കർ, സ്‌കൂൾ പ്രിൻസിപ്പൽ രാജി രാമദാസ്, പി.ടി.എ പ്രസിഡന്റ് മനോജ് കുമാർ വെച്ചുവീട്ടിൽ എന്നിവർ പങ്കെടുത്തു.

നീണ്ടൂർ എസ്.കെ.വി.ജി.എച്ച് എസ്.എസിൽ കെട്ടിടനിർമാണത്തിന്‍റെ ശിലാഫലകം അനാച്ഛാദവും മന്ത്രി നിര്‍വ്വഹിച്ചു. കേരളത്തിൽ അടച്ചു പൂട്ടലിന്‍റെ വക്കിലെത്തിയ നിരവധി സ്‌കൂളുകൾ ഇന്ന് മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റാനായിട്ടുണ്ട്. എല്ലാ നിയോജക മണ്ഡലത്തിലും അന്തർദേശീയനിലവാരത്തിലുള്ള ഒരു സ്‌കൂൾ എന്ന ആശയം നടപ്പാക്കി. എല്ലാ സർക്കാർ സ്‌കൂളുകളിലെയും പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കാനായതും വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നീണ്ടൂർ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ്, കോട്ടയം ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. രാഗിണി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ. സുജയ, ഡി.ഇ.ഒ. കെ. ജയശ്രീ, സ്‌കൂൾ പ്രിൻസിപ്പൽ സുനിത സൂസൻ തോമസ്, പ്രധാനാധ്യാപിക വി.വി.ശ്യാമള, പി.ടി.എ പ്രസിഡന്റ് കെ.ബി. ശശി കല്ലുവേലിൽ എന്നിവർ പങ്കെടുത്തു.

ഏറ്റുമാനൂർ ഗവൺമെന്‍റ് ഗേൾസ് എച്ച്.എസിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ശിലാഫലക അനാച്ഛാദനം നിർവഹിച്ചു. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ് അധ്യക്ഷയായി. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ബീന എസ്, നഗരസഭാംഗം രശ്മി ശ്യാം, പാല ഡി.ഇ.ഒ. കെ. ജയശ്രീ, ഏറ്റുമാനൂർ എ.ഇ.ഒ. ശ്രീജ പി. ഗോപൻ, പ്രധാനാധ്യാപകൻ എം.എം. ക്ലമന്റ് എന്നിവർ പങ്കെടുത്തു.

വാഴൂർ എൻ.എസ്.എസ്. ഗവൺമെന്റ് എൽ.പി. സ്‌കൂളിലും താഴത്തുവടകര സർക്കാർ എൽ.പി. സ്‌കൂളിലും കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ഹൈസ്‌കൂളിലും നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ശിലാഫലകം അനാച്ഛാദനം ചെയ്തു. യഥാക്രമം വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി, വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ശ്രീജിത്ത്, ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ എന്നിവർ അധ്യക്ഷത വഹിച്ചു.

ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. ഈരാറ്റുപേട്ട നഗരസഭ ഉപാദ്ധ്യക്ഷൻ അഡ്വ. മുഹമ്മദ് ഇല്യാസ് അധ്യക്ഷനായി.
വടവാതൂർ ഗവ.എച്ച്.എസ്. സ്‌കൂളിൽ നടന്ന കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ചു സുജിത്ത് അധ്യക്ഷയായി.

തലയോലപ്പറമ്പ് എ.ജെ.ജെ.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ നവീകരിച്ച ലാബിന്റെ ശിലാഫലകം സി.കെ. ആശ എം.എൽ.എ. അനാഛാദനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എസ്. തിരുമേനി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത് മുഖ്യപ്രഭാഷണം നടത്തി.

കൊമ്പുകുത്തി ഗവണ്മെന്റ് ട്രൈബൽ ഹൈസ്‌കൂളിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പനക്കച്ചിറ ഗവൺമെന്റ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ അധ്യക്ഷയായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K