14 September, 2021 12:41:48 PM
ചങ്ങനാശ്ശേരിയിലെ വീട്ടുവളപ്പില്‍ ആറടി ഉയരത്തില്‍ കഞ്ചാവ് ചെടി; ഗൃഹനാഥനെതിരെ കേസ്
ചങ്ങനാശ്ശേരി: വീട്ടുവളപ്പില്‍ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു. പായിപ്പാട് നാലുകോടി കൊല്ലാപുരം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് സമീപം കല്ലൂപ്പറമ്പില്‍ പത്രോസിന്‍റെ വീട്ടുമുറ്റത്താണ് ആറടിയോളം ഉയരത്തില്‍ കഞ്ചാവ് ചെടിവളര്‍ന്നു നില്‍ക്കുന്നതായി കണ്ടെത്തിയത്. ജില്ല പോലിസ് മേധാവിയുടെ കീഴിലെ ലഹരിവിരുദ്ധ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കഞ്ചാവ് ചെടിയാണെന്ന് സംശയം തോന്നിയതോടെ ജില്ലാ നാര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി, എം എം ജോസിന്റെ നേതൃത്വത്തില്‍ തൃക്കൊടിത്താനം സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇ അജീബ്, എസ് ഐ അഖില്‍ ദേവ്, തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കഞ്ചാവ് ചെടി തന്നെയാണെന്ന് ഉറപ്പിച്ചു. കൂടുതല്‍ പരിശോധനയ്ക്കും മറ്റുമായി ചെടി ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
മൂന്നുദിവസം മുമ്പ് തിരുവഞ്ചൂരിലെ ഒരു വീട്ടുവളപ്പില്‍നിന്ന് രണ്ടടി ഉയരമുള്ള ചെടി ലഹരിവിരുദ്ധ സ്‌ക്വാഡ് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് ചെടി വളര്‍ത്തുന്നത് 10വര്‍ഷംവരെ തടവ് ലഭിക്കുന്ന കുറ്റമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, കെ ആര്‍ അജയകുമാര്‍, എസ് അരുണ്‍, പി എം ഷിബു എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.