10 June, 2016 05:11:39 PM


ഓര്‍മ്മയില്‍ സ്നേഹ ചന്ദനം ചാര്‍ത്തുന്ന എസ് പി ചേട്ടന്‍

 



എസ് പി പിള്ളയും ഞാനുമായുള്ള ബന്ധം തുടങ്ങിയത് അദേഹത്തിന്റെ സിനിമകള്‍ കാണുന്നത് മുതലായിരിക്കണം. നിരവധി സിനിമകളില്‍ അദ്ദേഹമെന്നെ കുടുകുടാ ചിരിപ്പിച്ചിട്ടുണ്ട്‌.പക്ഷേ, എസ് പി എന്നുകേട്ടാല്‍  ആദ്യം  മനസ്സില്‍ വരുന്നത് ചെമ്മീനിലെ  അച്ചന്‍ കുഞ്ഞിനെയാണ് . അതിനൊരു കാരണമുണ്ട്..ഞാനേറ്റവും അധികം കണ്ട സിനിമകളില്‍ ഒന്നാമത് ചെമ്മീനാണ്.ശങ്കരാഭരണവും എസ്തപ്പാനും തൊട്ടു പിന്നാലെ.. ചെമ്മീനിന്റെ ഡി വിഡി  കൂടി കയ്യിലുള്ളതിനാലാവും അത് ഒന്നാം സ്ഥാനത്ത് വന്നത്.


തിരുവനന്തപുരത്തു ജനിച്ച ഞാന്‍ എഴുപതുകളുടെ അവസാനം ഏറ്റുമാനൂരിലേക്ക് താമസം മാറ്റിയെങ്കിലും എസ് പി യെ നേരിട്ട് കണ്ടിരുന്നില്ല.താമസം മാറി  ആദ്യ മൂന്നു വര്‍ഷം എന്‍റെ താമസം ഒരധ്യാപകന്റെ കൂടെ ആയിരുന്നു; കോട്ടയത്ത്‌. .എന്‍റെ പ്രവര്‍ത്തനമേഖലയും കോട്ടയത്തായിരുന്നു.അക്കാലത്ത് ഈശ്വരനില്‍ വിശ്വാസമില്ലാതിരുന്നതിനാല്‍ ഏറ്റുമാനൂര്‍ അമ്പലത്തില്‍ പോകാറില്ലായിരുന്നു.അല്ലെങ്കില്‍ അതിന്‍റെ പരിസരത്ത് വച്ച് കണ്ടേനെ.


അമച്വര്‍ നാടക പ്രവര്‍ത്തനങ്ങളും ഗാനരചനയുമായി നടക്കുന്ന കാലത്താണ് ഒരു 'ബാലേ'ക്ക് പാട്ടുകളെഴുതാന്‍ എന്നെയൊരാള്‍ വിളിക്കുന്നത്‌.ആ ട്രൂപ്പിന്റെ രക്ഷാധികാരിയായ എസ് പി പിള്ളയെ അന്നവിടെ വച്ചാണ് ഞാനാദ്യം നേരിട്ടു കാണുന്നത്.
പരിചയം അടുപ്പത്തിലേക്കും  അടുപ്പം 'വൈകിട്ടുള്ള പരിപാടി'കളിലേക്കും നീണ്ടു.കള്ളാണിഷ്ടം.എന്‍റെ സുഹൃത്തിനു സ്വന്തം ഷാപ്പുണ്ട്.വൈകുന്നേരങ്ങള്‍ തനിയാവര്‍ത്തിച്ചു കൊണ്ടിരുന്നു.


ഏതാണ്ട് അക്കാലത്തു പല്ലാങ്കുഴി എന്നൊരു സിനിമയുടെ പ്രവര്‍ത്തനം ആരംഭിക്കുകയും സഹസംവിധായകന്‍ ആകാന്‍ കൊതിച്ച ഞാനതിന്റെ നിര്‍മ്മാതാവായതുമൊക്കെ വേറെ കഥകള്‍. നിര്‍മ്മാണപരിപാടികള്‍ പുരോഗമിച്ചപ്പോള്‍  സ്വാഭാവികമായും എസ് പി ചേട്ടനും  അതിലൊരു നടനായി.അന്നൊക്കെ ഫിലിമാണല്ലോ. ഫിലിം റോള്‍ അധികം പാഴാക്കാതിരുന്നത്  എസ് പി ചേട്ടന്‍റെ അത്ഭുതകരമായ മികവും തഴക്കവും.അതുകൊണ്ട് തന്നെ ചേട്ടന്റെ ഭാഗം ഡബ്ബുചെയ്യാന്‍ ചേട്ടനെ മദ്രാസില്‍ കൊണ്ട് പോകാന്‍ തീരുമാനിച്ചു.

വൈകുന്നേരത്തെ തീവണ്ടിയില്‍ എന്നോടൊപ്പം കൊണ്ടുപോയി. പിറ്റേന്ന് വൈകിട്ട് മടക്കയാത്ര.ടിക്കറ്റുകള്‍ കാലേകൂട്ടി ബുക്ക് ചെയ്തിരുന്നു. ഒരു പകല്‍ കൊണ്ട് ഡബ്ബുചെയ്തു  തീരുമോ? റിസ്ക്കല്ലേ? എന്നൊക്കെ പലരും ചോദിച്ചു.ചേട്ടനും ഞങ്ങള്‍ക്കും  ആത്മവിശ്വാസം ഉണ്ടായിരുന്നു.


കാലത്തേ ചെന്ന് മുറിയില്‍ പ്രഭാത കര്‍മ്മങ്ങളും പ്രാതലും കഴിച്ചു സ്റ്റുഡിയോയില്‍ എത്തി.അഭിനയിച്ച സീന്‍ സ്ക്രീനില്‍ കണ്ട് അതിനനുസരിച്ച് ഡയലോഗ് പറയണം.റിക്കോഡിസ്റ്റ്പോലും വിസ്മയിച്ചുപോകെ ചേട്ടന്‍ ഡബ്ബിംഗ് പൂര്‍ത്തീകരിച്ചു.വൈകിട്ടുള്ള വണ്ടിയില്‍ മടങ്ങുകയും ചെയ്തു.


താരതമ്യേന ചെറുപ്പക്കാരനായ ആലുമ്മൂടന്‍ ഒരു ഡയലോഗ് ശരിയായി പറയാന്‍  മണിക്കൂറുകള്‍ എടുക്കുന്നത് കൂടി  ഞാന്‍ കണ്ടു  എന്ന് പറഞ്ഞാലേ എസ് പി ചേട്ടന്‍റെ വിലയറിയൂ.


തിക്കുറിശ്ശി 'കഥാപാത്രമായി ജീവിച്ചപ്പോള്‍' കിട്ടിയ അടികൊണ്ടു എസ് പി  ചേട്ടന്റെ ഒരു കണ്ണിന്റെ കാഴ്ചപോയതാണ്.(മരിക്കുന്നതുവരെ ഒരു തുക  സദു:ഖം, സസ്നേഹം തിക്കുറിശ്ശി , നഷ്ടപരിഹാരം പോലെ, നല്‍കിയിരുന്നു!.)


സിനിമക്കും അതിന്റെ വിതരണം സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ക്കു൦ വേണ്ടി ഞാന്‍ നിരന്തരം യാത്രയിലായിരുന്നു.അതിനാല്‍ പിന്നീടധികം  കണ്ടിരുന്നില്ല. അടൂര്‍ ഭവാനിയുടെ ട്രൂപ്പിന്റെ ഒരു നാടകം ഏറ്റുമാനൂരില്‍ അരങ്ങേറിയിരുന്നു. അതില്‍ കൊട്ടാരക്കരയും എസ് പി ചേട്ടനും അഭിനയിച്ചത് മദ്യപിച്ചു മദോന്മത്തരായിട്ടാണ്. പ്രതിഭകളുടെ 'നാട്യ വൈകൃതം' സഹിക്കാനാവാതെ നാടകം തീരുന്നതിനു മുമ്പ് ഞാന്‍  സ്ഥലം വിട്ടതും ഓര്‍ക്കുന്നു.


എന്‍റെ വിവാഹത്തിന്‍റെ മൂന്നാം പക്കം ചേട്ടന്‍  അന്തരിച്ചു. ആ മഹാപ്രതിഭയുമായുള്ള നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ മരണമില്ലാതെ ആ മനുഷ്യന്‍ എന്നില്‍ സ്നേഹവാത്സല്യങ്ങളുടെ ചന്ദനം ചാര്‍ത്തിക്കൊണ്ടേ യിരിക്കുന്നപോലെ...

- ഹരിയേറ്റുമാനൂര്   

(എസ് പി പിള്ള അവസാനം അഭിനയിച്ച ചിത്രമായ പല്ലാങ്കുഴിയുടെ നിര്‍മ്മാതാവും കവിയുമാണ് ലേഖകന്‍. ഇദ്ദേഹത്തിന്‍റെ സഹോദരന്‍ ഏറ്റുമാനൂര്‍ ശ്രീകുമാറിന്‍റേതായിരുന്നു കഥയും തിരക്കഥയും)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K