07 September, 2021 09:40:23 AM
എന്നെക്കാളും പ്രായം കുറവുള്ള ആളാണെന്ന് കരുതി; മമ്മൂട്ടിക്ക് കമൽഹാസന്‍റെ പിറന്നാൾ ആശംസ
കൊച്ചി: 1989ൽ പുറത്തിറങ്ങിയ 'ചാണക്യൻ' എന്ന സിനിമയിൽ നായകനായത് കമൽ ഹാസനായിരുന്നു. മമ്മൂട്ടിക്കായി ഒരുക്കിയ തിരക്കഥ പല കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിന് ചെയ്യാൻ കഴിയാതെ വന്നപ്പോൾ കമൽഹാസൻ നായക വേഷത്തിൽ എത്തിച്ചേരുകയായിരുന്നു. കൊച്ചിയിൽ അപൂർവ സഹോദരങ്ങൾ സിനിമയുടെ ഷൂട്ടിങ്ങിനെത്തിയ കമൽ, അങ്ങനെ ടി.കെ. രാജീവ് കുമാറിന്റെ കന്നിചിത്രത്തിൽ ഹീറോയായി. കമൽഹാസനും ജയറാമും ആയിരുന്നു ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ.
വർഷങ്ങൾക്കു ശേഷം കമലിന്റെ 'ഇന്ത്യൻ' സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ അതിൽ മമ്മൂട്ടി ഒരു സുപ്രധാന വേഷത്തിലുണ്ടാവും എന്ന പ്രഖ്യാപനം ഉണ്ടായ ശേഷം ആകാംക്ഷയിലാണ് ഇരുവരുടെയും ആരാധകർ. മമ്മൂട്ടി മാത്രമല്ല, മകൻ ദുൽഖർ സൽമാനും ഈ സിനിമയുടെ ഭാഗമാകും എന്നായിരുന്നു പ്രചാരണം.
മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന് ഉലകനായകൻ ആശംസ അറിയിച്ചത് മലയാളത്തിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ്. "മമ്മൂട്ടി സാറിന് 70 വയസ്സാണെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. എന്റെ പ്രായമുള്ള, അല്ലെങ്കിൽ എന്നേക്കാൾ പ്രായം കുറവുള്ള ആളായിരിക്കും എന്നാണ് കരുതിയത്," എന്ന് കമൽഹാസൻ വീഡിയോയിൽ പറയുന്നു.
അന്താരാഷ്ട്ര കില്ലാഡിയായ ചേട്ടൻ രാജയും അനുജൻ സൂര്യ നാരായണനും. 'പോക്കിരി രാജ'യിലെ ഈ ചേട്ടനെയും അനുജനെയും പ്രേക്ഷകർ കയ്യടിച്ച് സ്വീകരിച്ചിട്ടുണ്ട്. അച്ഛൻ സുകുമാരനും മകൻ പൃഥ്വിരാജും മമ്മൂട്ടിക്കൊപ്പം സ്‌ക്രീനിലെത്തിയിട്ടുണ്ട്. രണ്ടു തലമുറ കടന്ന സൗഹാർദ്ദത്തിന്റെ ഊഷ്മളത പൃഥ്വിരാജും ദുൽഖർ സൽമാനും പങ്കിടുന്നു. ഇരുവർക്കും ഡ്രൈവിംഗ് ഭ്രമം ഏതാണ്ട് ഒരുപോലെയാണ്. മമ്മുക്കയുടെ ജന്മദിനത്തിന് ആദ്യം തന്നെ ആശംസയുമായി എത്തിയത് പൃഥ്വിരാജാണ്. എഴുപതിന്റെ 'ചെറുപ്പം' കാത്തുസൂക്ഷിക്കുന്ന മമ്മുക്കയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ പൃഥ്വി എഴുതുന്നു.
മമ്മുക്കയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ച വാക്കുകൾ ചുവടെ:
"എന്റെ കയ്യിൽ ഇതിലും മികച്ച ഒരു ഫോട്ടോ ഇല്ല.. എന്തെന്നാൽ ബിരിയാണിയും കട്ടൻചായയും നിറയുന്ന ആ ഉച്ചനേരങ്ങളിൽ പലപ്പോഴും അക്കാര്യം മറന്നുപോകും. എന്നാൽ സ്വപ്നം കാണുന്ന ദശലക്ഷക്കണക്കിന് പേർക്കും അഭിനയമോഹം കൊണ്ടുനടക്കുന്നവർക്കും എന്ന പോലെ താങ്കൾ എനിക്ക് എത്രമാത്രം പ്രധാനമാണ് എന്ന കാര്യം ഒരുപക്ഷെ താങ്കൾ അറിയുന്നുണ്ടാവില്ല. മറ്റെന്തിനേക്കാളും, ചാലുവിനും സുർമി ചേച്ചിക്കും നന്ദി! ഞാൻ താങ്കളെ സ്നേഹിക്കുന്നു.. ലോകം താങ്കളെ സ്നേഹിക്കുന്നു! ജന്മദിനാശംസകൾ ഇക്ക!"