16 August, 2021 06:18:42 PM


ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം; കോട്ടയത്ത് ആഘോഷങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം



കോട്ടയം: ജില്ലയിൽ പ്രതിദിനം ശരാശരി ആയിരത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും പരിശോധനയ്ക്ക് വിധേയരാകുന്നവരില്‍ പത്തില്‍ ഒരാളെങ്കിലും പോസിറ്റീവാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഹ്റം-ഓണം ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ നിര്‍ദേശിച്ചു. 


കോവിഡ് വൈറസിന്‍റെ അതിവേഗ രോഗവ്യാപന ശേഷിയുള്ള ഡൽറ്റ വകഭേദം കൂടി കണ്ടെത്തിയതിനാല്‍ രോഗവ്യാപനം തടയുന്നത് സാമൂഹിക ഉത്തരവാദിത്വമായി കണ്ട് പെരുമാറാന്‍ ഓരോരുത്തരും തയ്യാറാകണം. 


ആള്‍ക്കൂട്ടങ്ങള്‍  ഒരേ സമയം അനേകം പേര്‍ക്ക് രോഗം പകരാനും സാമൂഹ്യ വ്യാപനത്തിനും കാരണമായേക്കാം. 18 വയസിനുമുകളിലുള്ള 72 ശതമാനം പേരും ഒരു ഡോസ് വാക്‌സിൻ  എടുത്തിട്ടുണ്ടെങ്കിലും ഇവര്‍ ഉള്‍പ്പെടെ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നാൽ ചികിത്സയൊരുക്കാന്‍ നിലവിലെ സംവിധാനങ്ങള്‍ മതിയാകാത്ത സ്ഥിതിയുണ്ടാകും. 


കോവിഡ് വ്യാപനം തുടരുമ്പോഴും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍  ഇളവുകള്‍ അനുവദിച്ചത്. ഇളവുകള്‍ രോഗവ്യാപനത്തിലേക്ക് നയിക്കാതിരിക്കാന്‍ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും ശ്രദ്ധിക്കണം.  


രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങൾ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും കൃത്യമായി കോവിഡ്  പരിശോധനക്ക് വിധേയരാവുകയും ചെയ്യണം. കോവിഡ്  രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയവർ നിർബന്ധമായും റൂം ക്വാറന്‍റയിനില്‍ പ്രവേശിക്കുകയും സ്വയം നിരീക്ഷിക്കുകയും ചെയ്യണം.   


ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും പൊതുസ്ഥലങ്ങളിൽ മാസ്ക് ശരിയായി ധരിക്കാനും  അകലം പാലിക്കാനും കൈകൾ അടിക്കടി ശുചീകരിക്കാനും എല്ലാവരും ശ്രദ്ധിക്കണം.


ഓണത്തോടനുബന്ധിച്ച് ഷോപ്പിംഗിനായി കൂട്ടം ചേര്‍ന്ന് പോകുന്നത് ഒഴിവാക്കുക. പൊതു സ്ഥലങ്ങളിലും വ്യാപാരശാലകളിലും പോകുമ്പോള്‍ കുട്ടികളെ യാതൊരു കാരണവശാലും കൊണ്ടുപോകരുത്. 


കടകളുടെ വാതില്‍ക്കല്‍തന്നെ കൈകൾ ശുചീകരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കണം.  കടകളിൽ സാമൂഹിക അകലം ഉറപ്പാക്കാവുന്നതിലധികം ആളുകളെ ഒരേസമയം പ്രവേശിപ്പിക്കരുത്. 


ജനലുകൾ പരമാവധി തുറന്നിട്ട് വായു സഞ്ചാരം ഉറപ്പു വരുത്തണം.  വസ്ത്രം മാറുന്ന മുറികൾ, ബാത്റൂമുകൾ, ലിഫ്റ്റ് തുടങ്ങിയ ഇടുങ്ങിയ സ്ഥലങ്ങൾ എന്നിവയിൽ എക്ഹോസ്റ്റ്  ഫാനുകൾ  പ്രവർത്തിപ്പിക്കണം. ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനും ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാസ്ക് ധരിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. 


അത്യാവശ്യത്തിനല്ലാത്ത യാത്രകളും ഓണത്തോടനുബന്ധിച്ചുള്ള ഒത്തുചേരലുകളും കളികളും ആഘോഷ പരിപാടികളും ഒഴിവാക്കണം-കളക്ടര്‍ നിര്‍ദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K