13 August, 2021 01:52:01 PM
'ഈശോ' സിനിമയുടെ പ്രദർശനം വിലക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: നടൻ ജയസൂര്യയെ നായകനാക്കി നാദിർഷാ സംവിധാനം ചെയ്യുന്ന ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് വിധിയിൽ കോടതി വ്യക്തമാക്കി.
സിനിമയ്ക്കിട്ട ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
പേരിനെതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ ഉള്ളടക്കം എന്ത് എന്നത് പ്രസക്തമല്ല. സിനിമയില്‍ നല്ല കാര്യങ്ങളാണ് പറയുന്നത് എങ്കിലും ഈശോ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.
ഈശോ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പി സി ജോർജും വ്യക്തമാക്കിയിരുന്നു. ഈ പേരിൽ സിനിമ ഇറക്കാമെന്ന് സംവിധായകൻ നാദിർഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പി സി ജോർജ് മുന്നറിയിപ്പ് നൽകിയിരുന്നു.
''ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കണമെന്ന നിർബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാർ ഇവിടെയുണ്ട്. മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ എടുത്തുനോക്കുക. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികൾ ആയിരിക്കും, അവന്റെ കഴുത്തിൽ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഇത് സംബന്ധിച്ച പരാതികൾ കിട്ടികൊണ്ടിരിക്കുകയാണ്. ഞാൻ ഇപ്പോൾ സിനിമകൾ കാണാൻ തുടങ്ങിയിരിക്കുന്നു. കേരളത്തിൽ വലിയ സാംസ്കാരിക മൂല്യങ്ങൾക്ക് വില കൽപിച്ച സഭയാണ് ക്രൈസ്തവ സഭ. നമ്മുടെ സമൂഹത്തിനു വേണ്ടി ചെയ്യാൻ കഴിയുന്ന എല്ലാ നന്മകളും ചെയ്തു. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാർക്ക് വളം. ഇത് അനീതിയാണ്''- പി.സി.ജോർജ് പറഞ്ഞിരുന്നു.
തൊട്ടു പിന്നാലെ ഈശോ സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച് മാക്ട (മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍) രംഗത്തെത്തിയിരുന്നു. മലയാള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേര്‍ത്തുപിടിക്കലല്ലെന്ന് മാക്ട പ്രതികരിച്ചു.
സിനിമ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കാലാരൂപമാണ്. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ഏറെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരിടമാണെന്നും സമൂഹത്തിന്റെ മാനസികമായ സന്തോഷത്തിന് വേണ്ടിയാണ് സിനിമ നിലനില്‍ക്കുന്നതെന്ന് മാക്ട പ്രസ്താവിച്ചു. അതിലേക്കാണ് ഒരു കൂട്ടം ആളുകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്.
നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവദം സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും മാക്ട വ്യക്തമാക്കി. നാദിര്‍ഷയ്ക്ക് മാക്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി എല്ലാ പിന്തുണയും അറിയിക്കുന്നതായും സംഘടന വ്യക്തമാക്കി.