27 May, 2021 08:00:05 AM
13,500 കോടിയുടെ വായ്പാത്തട്ടിപ്പ് : മെഹുൽ ചോക്സി ഡൊമനിക്കയിൽ പിടിയിൽ
ദില്ലി : ആൻറിഗ്വയിൽ നിന്ന് ഒളിച്ചുകടന്ന വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സി പിടിയിൽ. ക്യൂബയിലേക്ക് രക്ഷപെടുന്നതിനിടെ ഡൊമനിക്കയിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കരീബിയൻ ദ്വീപ് രാജ്യമായ ആന്റിഗ്വയിൽനിന്ന് 62 കാരനെ ഈ ആഴ്ച ആദ്യം കാണാതായിരുന്നു.
പഞ്ചാബ് നാഷനൽ ബാങ്കുമായി ബന്ധപ്പെട്ട് 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി മുങ്ങിയ ചോക്സിയെ വിട്ടുകിട്ടാൻ സിബിഐയും ഇഡിയും ശ്രമിക്കുന്നതിനിടെയാണ് ആന്റിഗയിൽനിന്നും ഇയാളുടെ തിരോധാനം.
ചോക്സിയെ കാണാതായെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്റർപോൾ "യെല്ലോ കോർണർ' നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൊമിനിക്കയിൽ നിന്ന് മെഹുൽ ചോക്സിയെ കണ്ടെത്തിയത്. ആന്റിഗ അധികൃതർക്ക് ഇയാളെ കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.