15 May, 2021 05:26:51 PM
മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ പരാതി
കോട്ടയം: മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് പൂഞ്ഞാറിലെ മുന്‍ എംഎല്‍എ പിസി ജോർജിനെതിരെ പൊലീസിൽ പരാതി. നടയ്ക്കല്‍ കാരയ്ക്കാട് സ്വദേശി എം.എം. മുജീബാണ് ഈ മാസം 11ന് ജോര്‍ജിനെതിരെ നടപടിയാവശ്യപ്പെട്ട് ഈരാറ്റുപേട്ട സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. മെയ് ഒമ്പതിന് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോർജിന്‍റെ വിവാദ പരാമർശം ഉണ്ടായത്. മതസ്പർദ്ധയുണ്ടാക്കുന്ന പരാമർശങ്ങളാണ് പി.സി ജോർജ് നടത്തിയതെന്നും പരാതിയിൽ പറയുന്നു.
ഉത്തരവാദപ്പെട്ട നേതാവില്‍നിന്ന് ഇത്തരം പ്രവൃത്തികളുണ്ടാകുന്നത് വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ മനഃപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനാണെന്നും മുജീബ് നൽകിയ പരാതിയിൽ ചൂണ്ടികാണിക്കുന്നു. കേരളത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായി മാറ്റിത്തീര്‍ക്കാന്‍ രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പി. സി ജോര്‍ജിന്‍റെ വിവാദ പരാമര്‍ശം. ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍- മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും പരാതിയിൽ പറയുന്നു.
2030ല്‍ കേരളം ഒരു മുസ്ലീം സ്റ്റേറ്റാക്കുമെന്നും 2040ല്‍ ഇന്ത്യ മുസ്ലീം രാജ്യമാക്കുമെന്നും പ്രഖ്യാപനം തന്നെയുണ്ടെന്ന് ജോര്‍ജ് വിവാദ അഭിമുഖത്തില്‍ പറഞ്ഞു. 15 ലക്ഷം വരെ ക്രിസ്ത്യാനികളെ അവര്‍ വെടിവെച്ച് കൊന്നിട്ടുണ്ടാകുമെന്നും ജോര്‍ജ് അഭിമുഖത്തിനിടെ പരാമർശിച്ചിട്ടുണ്ട്. പി. സി. ജോര്ജിന്റെ പ്രസ്താവനകള്‍ അധാര്‍മികവും നിയമവിരുദ്ധവും ഇന്ത്യന്‍ ശിക്ഷാനിയമം 153, 153 (എ), 502 (2) വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. അതിനാല്‍, പി.സി. ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. വിവാദ അഭിമുഖത്തിന്റെ വീഡിയോ പകര്‍പ്പ് പരാതിയ്ക്കൊപ്പം നൽകിയിട്ടുണ്ട്.