15 March, 2021 08:03:00 PM


തന്‍റെ വിജയത്തിനുവേണ്ടി ഉമ്മന്‍ചാണ്ടി ലതികയെ ബലിയാടാക്കി - കോട്ടയം പത്മന്‍



ഏറ്റുമാനൂര്‍: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന് സീറ്റുനല്‍കാതെ തഴഞ്ഞതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ കറുത്ത കരങ്ങളാണെന്ന് കലാ-സാംസ്കാരികപ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി സംസ്ഥാനരാഷ്ട്രീയകാര്യ സമിതി അംഗവുമായ കോട്ടയം പത്മന്‍. ഉമ്മന്‍ചാണ്ടിയുടെ വിജയത്തിന് വേണ്ടി ഏറ്റുമാനൂര്‍ സീറ്റ് വില്‍ക്കുകയായിരുന്നുവെന്നും ലതികാ സുഭാഷിനെ ബലിയാടാക്കുകയായിരുന്നുവെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപന കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിച്ച പത്മന്‍ ചൂണ്ടികാട്ടി. അത് ഒരു ഉപകാരസ്മരണയുടെ ഭാഗമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.


ഏറ്റുമാനൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ അവിടെ ലതികയെ സ്ഥാനാര്‍ഥിയായി പരിഗണിക്കേണ്ടിവരും. അതോടെ പുതുപ്പള്ളിയില്‍ തന്‍റെ വിജയത്തിന് സഹായിക്കുന്ന എല്‍ഡിഎഫിന് ഏറ്റുമാനൂരില്‍ ക്ഷീണമാവും. അതിന് തടയിടാന്‍ ഏറ്റുമാനൂര്‍ കേരളാ കോണ്‍ഗ്രസിന് നല്‍കി ഉമ്മന്‍ചാണ്ടി ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കുകയായിരുന്നുവെന്ന് പത്മന്‍ ആരോപിച്ചു. അതുപോലെ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ മത്സരിപ്പിക്കുന്നത് അഡ്വ.അനില്‍കുമാറിനെ പാര്‍ട്ടിയില്‍ ഒതുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും പത്മന്‍ ചൂണ്ടികാട്ടി.


ലതികാ സുഭാഷിന് കെട്ടിവെക്കാനുള്ള പണവുമായാണ് കോട്ടയം പത്മന്‍ യോഗത്തില്‍ സംബന്ധിച്ചത്. ലതിക തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഒരു ലക്ഷം രൂപാ പ്രാഥമികചെലവുകള്‍ക്കായി നല്‍കാന്‍ തയ്യാറാണെന്ന് പൂഞ്ഞാര്‍ സ്വദേശി ഓ.ഡി.കുര്യാക്കോസ് യോഗത്തില്‍ അറിയിച്ചു. ഇതുപോലെ പിന്തുണയുമായി നിരവധി ആളുകളും സംഘടനകളുമാണ് ഏറ്റുമാനൂര്‍ താരാ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K