01 March, 2021 03:15:31 PM


'മനസ്സില്‍ മാണിസാർ, വോട്ടില്‍ ജോമോൻ': മാസ്റ്റർ പീസ് മുദ്രാവാക്യവുമായി എൽഡിഎഫ്

- സുനിൽ പാലാ




പാലാ: പ്രിയങ്കരനായ ജനനേതാവ് കെ.എം. മാണിയെ മനസ്സിൽ ഉൾക്കൊണ്ട് "ജോമോൻ " എന്ന സ്നേഹ വിളിപ്പേരുള്ള ജോസ്. കെ. മാണിയ്ക്ക് വോട്ടു ചെയ്യാൻ ഓരോരുത്തരും സ്വയം തീരുമാനിക്കുന്ന ഉജ്വല മുദ്രാവാക്യമാണ് പാലായിൽ  ഇത്തവണ ഇടതു മുന്നണിയുടെ മാസ്റ്റർ പീസ്.


"ഇനി വരുന്നതും ഇടതുപക്ഷം", "ഉറപ്പാണ് എൽ.ഡി.എഫ്." തുടങ്ങിയ പൊതു മുദ്രാവാക്യങ്ങളുമുണ്ടെങ്കിലും പാലായുടെ മനസ്സു ചേരുന്നതു "മനസ്സിലെൻ്റെ മാണിസാർ ......" വാക്കുകളിലാണെന്ന് പ്രവർത്തകർ പറയുന്നു. ജനകീയം പദയാത്രയുടെ ആവേശത്തെ തിരഞ്ഞെടുപ്പ് ശക്തി പ്രകടനമാക്കി വള്ളപ്പാടു മുന്നിൽ കുതിക്കുകയാണ് തങ്ങളെന്ന്  ഇടതുപക്ഷ നേതാക്കൾ ഉറപ്പിച്ചു പറയുന്നു. ഇന്ന് തലനാട് പഞ്ചായത്തിൽക്കൂടി ജോസ്. കെ. മാണി നയിക്കുന്ന ജനകീയം പദയാത്ര  എത്തുന്നതോടെ പാലാ നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും ജനകീയം പദയാത്ര പൂർത്തിയാവുകയാണ്.


മണ്ഡലത്തിൽ ആയിരത്തിൽപ്പരം ചുവരുകൾ ഇടതുമുന്നണി ബുക്ക് ചെയ്യുകയും വൈറ്റ് വാഷ് അടിച്ച് ചുവരെഴുതാൻ തയ്യാറെടുക്കുകയും ചെയ്തതായി കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡൻറ് ഫിലിപ്പ് കുഴികുളം പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ അക്കമിട്ടു നടത്തി മുന്നേറിയ  ജനകീയം വികസന സന്ദേശ പദയാത്രയിൽ ജാഥാ ക്യാപ്റ്റൻ ജോസ്. കെ. മാണിക്കു ലഭിച്ച വൻ വരവേൽപ്പിൻ്റെ ആവേശത്തിലാണ് ഇടതു മുന്നണി പ്രവർത്തകർ.


തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് കൂടുതൽ ഉത്സാഹത്തോടെയാണ് മുന്നണി പ്രവർത്തകർ പദയാത്രയിലേക്ക് എത്തിച്ചേർന്നത്. ജനകീയം യാത്ര, തെരഞ്ഞെടുപ്പു പ്രചാരണ യാത്രയായി മാറിയതോടെ   മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും സമ്മേളനങ്ങളിൽ നേതാക്കൾ  ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്നുണ്ട്.


"ഇടതു മുന്നണിയിൽ നിന്ന് ജയിച്ച് എം. എൽ. എ ആയ ശേഷം മാണി. സി. കാപ്പൻ ഉപേക്ഷിച്ചു പോയ പാലാ സീറ്റ് വീണ്ടും ഇടതുമുന്നണിയുടെ ഭാഗമാക്കാനുള്ള എല്ലാ വിധ തയ്യാറെടുപ്പുകളും ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിനും പാലായ് ക്കും ഇടതുമുന്നണിയുടെ തുടർ ഭരണം കിട്ടുമെന്ന കാര്യം ഞങ്ങൾക്കുറപ്പുണ്ട് " - ജോസ്. കെ. മാണി ഏറെ പ്രതീക്ഷയിലും ഉത്സാഹത്തിലുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K