23 May, 2016 08:37:35 AM
പുലയന്‍, പുലക്കളി ഇവ തെറിവാക്കുകള്‍ എന്ന് സെന്‍സര്‍ ബോര്‍ഡ്
രാജീവ് രവി സംവിധാനം ചെയ്ത പുതിയ ചിത്രമായ കമ്മട്ടിപ്പാടത്തില്‍ നിന്ന് പുലയന്‍, പുലക്കളി തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ്. ഇവ തെറിവാക്കുകളാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് കാരണമായി പറഞ്ഞതെന്ന് രാജീവ് രവി വെളിപ്പെടുത്തി. സിനിമ റിലീസ് ചെയ്യുന്നതിന് തലേദിവസം മെയ് 19ന് ആണ് സെന്‍സറിംഗ് നടന്നത്. തൊട്ടടുത്ത ദിവസം ചിത്രം റിലീസ് ചെയ്യേണ്ടി വന്നതിനാല്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉയര്‍ത്തിയ ചില അനാവശ്യ ഇടപെടലുകള്‍ക്ക് വഴങ്ങേണ്ടി വന്നതായും രാജീവ് രവി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എന്റെ പുലയനോട് ഒരു വാക്ക് പറഞ്ഞോട്ടെ എന്ന പാട്ടിന്റെ വരിയില്‍ നിന്നും ആ വാക്ക് ഒഴിവാക്കേണ്ടി വന്നു. ഈ വാക്കുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് അയച്ച കത്ത് തന്റെ കൈവശമുണ്ടെന്നും രാജീവ് രവി വ്യക്തമാക്കി. സിനിമയില്‍ പുലയ കഥാപാത്രമായി അഭിനയിച്ചത് പുലയ സമുദായാംഗം തന്നെയാണ്. അവര്‍ക്കൊന്നും ആ വാക്ക് തെറിയായി തോന്നുന്നില്ലെന്നും രാജീവ് രവി കൂട്ടിച്ചേര്‍ത്തു.ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനിടയായതിന്റെ കാരണവും മനസിലായിട്ടില്ലെന്നും രാജീവ് രവി കൂട്ടിച്ചേര്‍ത്തു.