14 February, 2021 11:16:19 PM
ഏറ്റുമാനൂരില്‍ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കുഴിയില്‍ വീണ് മരിച്ചു
ഏറ്റുമാനൂര്‍: പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കുഴിയില്‍ വീണ് മരിച്ചു. ഏറ്റുമാനൂര്‍ തവളക്കുഴി ബീനാനിവാസില്‍ നീരജ് റജി (22) ആണ് മരിച്ചത്. ഏറ്റുമാനൂര്‍ കെഎസ് ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപമുള്ള ഹോട്ടലില്‍ ഞായറാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ നീരജ് ഉള്‍പ്പെടെയുള്ള യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ എത്തി. ഈ സമയം അതുവഴി വന്ന പോലീസിനെ കണ്ട് യുവാക്കള്‍ ചിതറിയോടുകയായിരുന്നു.
പോലീസിനെ കണ്ട് ഓടവെ ഹോട്ടലിനു സമീപത്തെ എടിഎം കൌണ്ടറുകള്‍ക്കും സൌത്ത് ഇന്ത്യന്‍ ബാങ്കിനും അടുത്തുണ്ടായിരുന്ന കുഴിയില്‍ വീണാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 16 അടിയോളം താഴ്ചയുള്ള കുഴിയില്‍ അര അടിയോളം വെള്ളമുണ്ടായിരുന്നു. പോലീസ് പോയശേഷം അന്വേഷിച്ചപ്പോഴാണ് നീരജിനെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുഴിയില്‍ വീണ് കിടക്കുന്നത് കാണുകയായിരുന്നു.
ഹോട്ടലിലെ ജീവനക്കാരനും നീരജിന്‍റെ സുഹൃത്തും കുഴിയില്‍ ഇറങ്ങിയെങ്കിലും അവര്‍ക്കും തിരിച്ചുകയറാനാവാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് കോട്ടയത്തുനിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് മൂവരെയും കരയ്ക്കെത്തിച്ചത്. ബോധരഹിതനായിരുന്ന നീരജിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.