13 February, 2021 09:04:42 PM
അഡ്വ പി.കെ. ചിത്രഭാനു: ഓര്‍മ്മയാകുന്നത് സഹൃദയനായ ഒരു കമ്മ്യൂണിസ്റ്റ്
- അഡ്വ. ജിതേഷ് ബാബു
കോട്ടയം: പി.കെ ചിത്രഭാനു ഓർമ്മ ആകുമ്പോൾ തികഞ്ഞ ഒരു കമ്മ്യുണിസ്റ്റിനെയും പ്രഗത്ഭനായ അഭിഭാഷകനെയും സാമൂഹിക സംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വത്തെയുമാണ് കോട്ടയത്തിന് നഷ്ടമാകുന്നത്. വൈയ്ക്കം മറവൻതുരത്ത് പാലാംക്കടവിൽ യഥാസ്ഥിതിക കുടുബത്തിൽ ജനിച്ച ചിത്രഭാനു വിദ്യാഭ്യാസ കാലഘട്ടം മുതൽ കമ്മ്യുണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു.
തലയോലപ്പറമ്പ് വി.എച്ച്.എസ്സ് സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസ പൂർത്തീകരിച്ചതിന് ശേഷം എറന്നാകുളം സെന്‍റ് ആൽബർട്ട് കോളജിലെ സ്റ്റററുടൻസ് ഓർഗനൈസേഷൻ സ്ഥാപക പ്രസിഡണ്ട് ആയി പൊതുപ്രവർത്തനം ആരംഭിച്ചു. ഉടുപ്പി ലോ കോളജിൽ നിന്നും നിയമ ബിരുദം പൂർത്തിയാക്കിയ ചിത്രഭാനു അഭിഭാഷക വൃത്തി ആരംഭിച്ചു. എഐവൈഎഫിലൂടെയാണ് രാഷ്ടിയരംഗത്തേക്ക് പ്രവേശിച്ചത്. എഐവൈഎഫ് ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ തീക്ഷ്ണമായ യുവജന പോരാട്ടങ്ങൾക്ക് നേത്യത്വം നൽകി.
മികച്ച സംഘാടകനും ഉജ്ജല വാഗ്മിയുമായിരുന്ന ചിത്രഭാനു ഒരു ദശകകാലം സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറിയായും ദീർഘകാലം സംസ്ഥാന കൗൺസിൽ അംഗമായും പ്രവർത്തിച്ചു. ആദ്യ ജില്ലാ കൗൺസിലിൽ നാട്ടകം ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചിത്രഭാനു, ഫിനാൻസ് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. ഗാന്ധിജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെംബർ, റബ്ബർ ബോർഡ് മെംബർ, കേരള കാർഷിക സർവ്വകാലാശാല ജനറൽ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
ചിത്രഭാനു പ്ലാന്‍റേഷന്‍ കോർപ്പറേഷൻ ചെയർമാൻ ആയിരുന്നപ്പോഴാണ് കേരളത്തിൽ ആദ്യമായി പ്ലാന്‍റേഷൻ ടൂറിസം പദ്ധതി ആതിരപ്പള്ളിയിൽ നടപ്പിലാക്കിയത്. യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട് , ഐപ്സോ സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ സംസ്കാരിക രംഗത്ത് സജീവമായിരുന്ന ചിത്രഭാനു, ദേശീയ അവാർഡ് നേടിയ "മീന മാസത്തിലെ " അടക്കമുള്ള രാഷ്ട്രീയ സംസ്കാരിക മൂല്യമുള്ള ചലച്ചിത്രങ്ങളുടെ നിർമ്മാതാവ് ആയിരുന്നു. സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങക്കിടയിലും അഭിഭാഷകവൃത്തിയിൽ തിളക്കമായ പ്രാഗത്ഭ്യം നിലനിർത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.
നാല്പതിലധികം വിപുലമായ ശിഷ്യസമ്പത്തിന് ഉടമയായ ആയ ചിത്രഭാനു കോട്ടയം ബാർ അസ്റ്റോസിയേഷൻ പ്രസിഡന്‍റുമായിരുന്നു. ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോഴേയ്സ് സംസ്ഥാന പ്രസിഡന്‍റ് ആയിരുന്ന ചിത്രഭാനു ദേശീയ വൈസ് പ്രസിഡന്‍റ്, സി പി ഐ ജില്ലാ എക്സികൂട്ടീവ് അംഗം, അഖിലേന്ത്യാ കിസ്സാൻസഭ സംസ്ഥാന വൈസ് പ്രസിഡന്‍റ്, പി കെ വി സ്മാരക ട്രസററ് സെക്രട്ടറി എന്നീ നിലകളിൽ പ്രവത്തിച്ചു വരികയായിരുന്നു.
ചേർത്തല, ചേരപ്പള്ളിയിൽ കുടുബാംഗം സുജാതയാണ് ഭാര്യ. മക്കള്‍: റാണി (ഹൈദരാബാദ് ), അഡ്വ. ഗീതു, മരുമക്കള്‍: ജീനിയസ് നാരായണൻ (ഹൈദരാബാദ്), അഡ്വ. ശ്യാംലാൽ. സംസ്കാരം നാളെ മൂന്ന് മണിക്ക് കോട്ടയം വൈദ്യുതി ശ്മശാനത്തിൽ നടക്കും