11 February, 2021 07:25:43 PM
22 വർഷത്തിന് ശേഷം ശാലിനി തിരിച്ചുവരുന്നു; പുതിയ ചിത്രം 'പൊന്നിയിൻ ശെൽവം'
ചെന്നൈ: 22 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ നായിക ശാലിനി അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നു. മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊന്നിയിൻ ശെൽവത്തിലൂടെയാണ് ശാലിനി വീണ്ടും ക്യാമറയ്ക്ക് മുമ്പിലെത്തുക എന്നാണ് റിപ്പോർട്ട്. നടൻ മാധവൻ, മണിരത്‌നം എന്നിവരുടെ അഭ്യർത്ഥന പ്രകാരമാണ് നടി തിരിച്ചെത്തുന്നത്.
രണ്ടായിരത്തിൽ നടൻ സൂപ്പർ താരം അജിത്തുമായുള്ള വിവാഹശേഷം ശാലിനി അഭിനയത്തോട് വിട പറയുകയായിരുന്നു. മണിരത്‌നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാതെ വര വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്. കുഞ്ചാക്കോ ബോബൻ നായകനായ മലയാള ചിത്രം നിറത്തിന്റെ റീമേക്കായിരുന്നു പിരിയാതെ വര വേണ്ടും.
കൽകി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നത്തിന്റെ പുതിയ ചിത്രം. ഐശ്വര്യ റായി ബച്ചൻ, വിക്രം, കാർത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്‌മാൻ, കിഷോർ, റിയാസ് ഖാൻ, ലാൽ, ശരത്കുമാർ തുടങ്ങി ഒരുപിടി മികച്ച അഭിനേതാക്കളാണ് സിനിമയിൽ വേഷമിടുന്നത്. എആർ റഹ്‌മാനാണ് സംഗീതം. ബാലനടിയായി മേഖലയിലെത്തിയ ശാലിനി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായ അനിയത്തിപ്രാവാണ് കരിയറിൽ നടിയുടെ വഴിത്തിരിവ്.