03 November, 2020 01:19:11 PM
റോഡിന് സ്ഥലം ഏറ്റെടുക്കും മുമ്പേ ഇടിച്ചുനിരത്തല്‍; അവശിഷ്ടം തള്ളിയത് കിണറ്റിലേക്ക്

ഏറ്റുമാനൂര്‍: മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡിന്‍റെ അന്തിമഘട്ടം പണികള്‍ക്ക് സ്ഥലം ഏറ്റെടുക്കും മുമ്പേ സ്വകാര്യവ്യക്തിയുടെ മതിലും ഷെഡും പൊതുമരാമത്ത് അധികൃതര്‍ പൊളിച്ചുമാറ്റിയതായി പരാതി. കഴിഞ്ഞ മെയ് 22ന് നടന്ന സംഭവത്തില്‍ പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും നഷ്ടം നികത്താമെന്ന വാഗ്ദാനമല്ലാതെ ഇതുവരെ ഒന്നും നടന്നില്ലെന്ന് ഉടമ ഏറ്റുമാനൂര്‍ കിഴക്കേനട ഹരിശ്രീയില്‍ ടി.പി.രാജു പറയുന്നു. വീടിന്‍റെ മതിലും വീടിനോടുചേര്‍ന്നുള്ള ഷെഡുമാണ് പൊളിച്ചുനീക്കിയത്.

പന്തല്‍ സാധനസാമഗ്രികളും ബെഞ്ചും ഡസ്‌കും വാടകയ്ക്ക് നല്‍കി ഉപജീവനം നടത്തുന്നയാളാണ് രാജു. ഷെഡിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഈ സാധനങ്ങളെല്ലാം മണ്ണും കല്ലും കോരിയിട്ട് നശിപ്പിച്ചുവെന്നും ലക്ഷങ്ങളുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും രാജു പറയുന്നു. സംഭവം നടക്കുമ്പോള്‍ താന്‍ പടിഞ്ഞാറെനടയിലെ കടയിലും ഭാര്യ ആശുപത്രിയിലുമായിരുന്നുവെന്നും സമീപവാസികള്‍ അറിയിച്ചതനുസരിച്ച് താന്‍ ചെല്ലുമ്പോഴേക്കും എല്ലാം തകര്‍ത്തിരുന്നുവെന്നും രാജു അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മണ്ണ്മാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച മതിലിന്‍റെ അവശിഷ്ടങ്ങള്‍ ഷെഡിനു മുകളിലേക്കും പുരയിടത്തിലെ കിണറ്റിലേക്കും തള്ളി. രണ്ട് സ്ഥലങ്ങളുടെ അതിരായി നിര്‍മ്മിച്ചിരുന്ന കല്‍കെട്ടും ഇടിച്ചുനിരത്തി. മണ്ണ്മാന്തി യന്ത്രത്തിന്‍റെ ഡ്രൈവറായ ഇതരസംസ്ഥാനതൊഴിലാളിക്ക് പറ്റിയ തെറ്റാണെന്ന നിലപാടിലായിരുന്നു അധികൃതരെന്നും രാജു പറയുന്നു.
രാജു മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കി. ജൂണ്‍ 8ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി തുടര്‍നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി രാജുവിന് മറുപടിയും ലഭിച്ചു. പൊതുമരമാത്ത് വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതി ജൂണ്‍ 18ന് തുടര്‍നടപടികള്‍ക്കായി കോട്ടയം റോഡ്സ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും കൈമാറി. ഇതിനിടെ സ്ഥലത്തെത്തിയ എംഎല്‍എയും പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരും തനിക്ക് സംഭവിച്ച നാശനഷ്ടം എത്രയും പെട്ടെന്ന് തന്നെ നികത്തുമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെന്നും രാജു പറയുന്നു. എന്നാല്‍ ഇതിന് പിന്നാലെ എഞ്ചിനീയര്‍ സ്ഥലംമാറിപോയി. പിന്നാലെ വന്ന എഞ്ചിനീയര്‍മാര്‍ പാലാ റോഡില്‍ വാട്ടര്‍ അതോറിറ്റി നടപ്പാത വെട്ടിപൊളിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലുമായി. ഇപ്പോള്‍ ചാര്‍ജുള്ളവരാകട്ടെ സംഭവത്തെപറ്റി പഠിക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചതെന്ന് രാജു പറയുന്നു.
ബൈപാസ് റോഡിന്‍റെ മൂന്നാം ഘട്ട നിര്‍മ്മാണം അടുത്ത നാളിലാണ് തുടങ്ങിയത്. രാജു ഉള്‍പ്പെടെ രണ്ട് പേര്‍ സ്ഥലം ഏറ്റെടുക്കുന്നതിലെ അപാകതകള്‍ ചൂണ്ടികാട്ടി ഹൈകോടതിയെ സമീപിച്ചിരുന്നു. 2013ലെ സ്ഥലം ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള ആനുകൂല്യം ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. അഡ്വ.കെ.സുരേഷ്‌കുറുപ്പ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കിയതിനെതുടര്‍ന്ന് പരാതി പിന്‍വലിച്ചു. റോഡ് നിര്‍മ്മാണത്തിന് സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന് ജില്ലാ കളക്ടര്‍ക്ക് എഴുതി നല്‍കുകയും ചെയ്തു. കഴിഞ്ഞ 30ന് റോഡിന് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് വിജ്ഞാപനമിറങ്ങി. എന്നാല്‍ രാജുവിന്‍റെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികള്‍ ഇനിയും പൂര്‍ത്തിയായില്ല.