27 October, 2020 06:33:00 PM
കോട്ടയം ജനല്‍ ആശുപത്രിയില്‍ കോവിഡ് ഇന്റന്‍സീവ് കെയര്‍ വാര്‍ഡ് ഉദ്ഘാടനം നാളെ

കോട്ടയം: ജനറല്‍ ആശുപത്രിയില്‍ കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനത്തോടു കൂടിയ കോവിഡ് ഇന്റന്‍സീവ് കെയര്‍ വാര്‍ഡ് നാളെ രാവിലെ 10ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാനം ചെയ്യും. പുതിയ 250 കെ.വി.എ ജനറേറ്ററിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിക്കും.
തോമസ് ചാഴികാടന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോന്‍, സ്ഥിരം സമിതി അധ്യക്ഷരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, മാഗി ജോസഫ്, പെണ്ണമ്മ ജോസഫ് അംഗങ്ങളായ കെ. രാജേഷ്, പി. സുഗതന്‍, ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം ബിന്ദു കുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപ ചിലവിട്ടാണ് കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനം ഒരുക്കുക്കിയത്. അനുബന്ധ സജ്ജീകരണങ്ങള്‍ക്കായി 20 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്നും വിനിയോഗിച്ചു. കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനം നിലവില്‍ വരുന്നതോടെ ഇടയ്ക്കിടെ സിലിന്‍ഡറുകള്‍ മാറ്റാതെ തന്നെ കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ കഴിയും. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം 30 ലക്ഷം രൂപ ചിലവിട്ട് പുതിയ ജനറേറ്റര്‍ സ്ഥാപിച്ചതുവഴി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ സമയവും മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാകും.