25 October, 2020 04:41:58 PM


ലഹരിമരുന്ന് വാങ്ങുന്നതിനിടെ സീരിയല്‍ നടിയെ എന്‍.സി.ബി അറസ്റ്റ് ചെയ്തു



മുംബൈ: ലഹരിമരുന്ന് വാങ്ങുന്നതിനിടെ സീരിയല്‍ നടി പ്രീതിക ചൌഹാനെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സംഘം അറസ്റ്റ് ചെയ്തു. ഇന്ന് തന്നെ പ്രീതികയെ കോടതിയില്‍ ഹാജരാക്കും. സാവ്ഥാന്‍ ഇന്ത്യ, വോ കെ ദേവ് മഹാദേവ് തുടങ്ങിയ ടിവി സീരിയലുകളിൽ പ്രീതിക അഭിനയിച്ചിട്ടുണ്ട്. താരങ്ങള്‍ ഉള്‍പ്പെടെ ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണശേഷം നടന്ന മയക്കുമരുന്ന് അന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് ലഹരിമരുന്ന് വേട്ട എന്‍.സി.ബി ശക്തമാക്കിയിരിക്കുന്നത്.


കേസിലെ പ്രതികളുടെ എല്ലാ ബന്ധങ്ങളും എൻ.‌സി‌.ബി ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. റിയ ചക്രവർത്തിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഇഡി വീണ്ടെടുത്തതോടെയാണ് ബോളിവുഡിന്‍റെ മയക്കുമരുന്ന് ബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്. ഇക്കാര്യം അന്വേഷിക്കാൻ ഇഡി എൻ.സി.ബിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ നിരവധി ബോളിവുഡ് താരങ്ങൾ എൻ.‌സി.ബിയുടെ നിരീക്ഷണത്തിലായി. നടിമാരായ ദീപിക പദുക്കോൺ, ശ്രദ്ദ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ് എന്നിവരെ കേസിൽ ചോദ്യം ചെയ്തിരുന്നു.


റിയ ചക്രബർത്തിയോടൊപ്പം സഹോദരൻ ഷോയിക് ചക്രബർത്തി, സുശാന്തിന്‍റെ ഹൗസ് മാനേജർ സാമുവൽ മിറാൻഡ, ജീവനക്കാരൻ ദിപേഷ് സാവന്ത് എന്നിവരെയും നേരത്തെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. റിയയെയും ദിപേഷിനെയും ഈ മാസം ആദ്യം ജാമ്യത്തിൽ വിട്ടു. റിയ മുംബൈയിലെ ബൈക്കുള ജയിലിൽ 28 ദിവസം കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങിയത്. ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K