15 October, 2020 04:37:25 PM
കളിയരങ്ങിലെ നിത്യഹരിത "നായിക" കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞിട്ട് 20 വര്‍ഷം
കോട്ടയം: കളിയരങ്ങില്‍ നിത്യഹരിത 'നായിക'യായി, ഏഴുപതിറ്റാണ്ടോളം ആസ്വാദകമനസ്സുകളില്‍ മോഹിനിരൂപമാടിയ കുടമാളൂര്‍ കരുണാകരന്‍ നായര്‍ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞിട്ട് 20 വര്‍ഷം പിന്നിടുന്നു. ആട്ടക്കഥകളിലെ സ്ത്രീവേഷങ്ങള്‍ക്ക് പ്രസക്തിയുണ്ടാക്കിയും മിനുക്ക് വേഷങ്ങളില്‍ കേമനായും അരങ്ങുവാണ അതുല്യനടന്‍റെ സ്മൃതിദിനം ശനിയാഴ്ച കുടമാളൂരില്‍ ആചരിക്കും.
ഏറ്റുമാനൂര്‍ പറത്താനത്ത് വാസുദേവന്‍ നമ്പൂതിരിയുടെയും കുടമാളൂര്‍ എളേടത്ത് നാരായണിഅമ്മയുടെയും മകനായി 1916 നവംബര്‍ 30ന് ജനനം. ആദ്യ ഗുരു കുറിച്ചി രാമ പണിയ്ക്കർ ആയിരുന്നു. തുടര്‍ന്ന് കൊച്ചപ്പി രാമന്‍മാരുടെയും കുഞ്ഞന്‍പണിക്കരുടെയും ശിക്ഷണം. ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ രുക്മിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു കഥകളിയിൽ അരങ്ങേറ്റം. കവളപ്പാറ നാരായണൻ നായരുടെ കീഴിൽ വടക്കൻ രീതിയിലുള്ള ചിട്ടയും അഭ്യസിച്ചു. ചെറുപ്പത്തില്‍ത്തന്നെ കഥകളി ആചാര്യന്‍ തോട്ടം ശങ്കരന്‍ നമ്പൂതിരിയുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തോടൊപ്പമുള്ള വിദേശപര്യടനങ്ങള്‍ കുടമാളൂരിനെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു.
മലയാള നാടകവേദിയില്‍ ഓച്ചിറ വേലുക്കുട്ടിയുടെ സ്ത്രീകഥാപാത്രങ്ങളെപ്പോലെ, കഥകളിയില്‍ സ്ത്രീവേഷം ചെയ്യാന്‍ കുടമാളൂരിന് പകരം മറ്റൊരാളില്ലായിരുന്നുവെന്നും പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ചെറുപ്പത്തില്‍ത്തന്നെ സ്ത്രീവേഷം കെട്ടിയാടിയ ഈ നടന്‍ അരങ്ങുകളില്‍ നിന്ന് അരങ്ങുകളിലേക്ക് ഇടവേളയില്ലാതെ യാത്ര തുടരുകയായിരുന്നു. നളചരിതത്തിലെ ദമയന്തി, രുഗ്മാംഗദചരിതത്തിലെ മോഹിനി, കാലകേയവധത്തിലെ ഉര്‍വശി, ഉത്തരാസ്വയംവരത്തിലെ സൈരന്ധ്രി, കിര്‍മ്മീരവധത്തിലെ ലളിത, ദുര്യോധനവധത്തിലെ പാഞ്ചാലി, കര്‍ണശപഥത്തിലെ കുന്തി, കാട്ടാളസ്ത്രീ, മണ്ണാത്തി എന്നിങ്ങനെ എല്ലാ വേഷങ്ങളിലും കുടമാളൂർ കരുണാകരൻ നായർ തിളങ്ങി. കലാമണ്ഡലം കൃഷ്ണൻ നായർ ഇദ്ദേഹത്തിനോടൊപ്പം അനവധി കൂട്ടുവേഷങ്ങളിൽ അരങ്ങത്ത് വന്നിട്ടുണ്ട്.
കുചേലവൃത്തത്തിലെ കുചേലന്‍, നളചരിതത്തിലെ സുദേവന്‍, രുക്മിണീസ്വയംവരത്തിലെ സുന്ദര ബ്രഹ്മണന്‍, ബാലിവിജയത്തിലെ നാരദന്‍ തുടങ്ങിയ വേഷങ്ങള്‍ ഇദ്ദേഹത്തിന്‍റെ മുനുക്കുവേഷങ്ങളില്‍ എടുത്തുപറയാവുന്നതില്‍ ചിലതുമാത്രം. തിരുവനന്തപുരം വലിയകൊട്ടാരം കഥകളിയോഗത്തില്‍ സ്ഥിരാംഗമായിരുന്നു. കേന്ദ്ര, കേരള സംഗീത നാടക അക്കാദമി, കലാമണ്ഡലം അവാര്‍ഡുകള്‍, പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ സ്മാരക പുരസ്‌കാരം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലാരത്നം തുടങ്ങിയ ബഹുമതികള്‍ കുടമാളൂരിനെ തേടിയെത്തി.
2000 സെപ്റ്റംബര്‍ 30ന് തലച്ചോറിൽ നിന്നും രക്തസ്രാവമുണ്ടായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കരുണാകരന്‍നായര്‍ 84-ാം വയസ്സിൽ ഒക്ടോബർ 17നാണ് കലാകേരളത്തോട് വിടചൊല്ലിയത്. ഇദ്ദേഹത്തിന്‍റെ വസതിയിലുള്ള സ്മൃതി മണ്ഡപത്തിൽ കടമാളൂർ 1517-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്‍റെയും, കുടുബാഗങ്ങളുടെയും നേതൃത്വത്തില്‍ രാവിലെ 9 മണിക്ക് പുഷ്പാർച്ചന നടക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകള്‍ നടക്കുക.