12 October, 2020 06:36:21 PM
'വാരിക്കുഴി' തീര്‍ത്ത് ജലഅതോറിറ്റി; കരകയറാനാകാതെ വാഹനങ്ങള്‍

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ കുടിവെള്ളപദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ ഇടുന്നതിന് ജലഅതോറിറ്റി നടപ്പാതകള്‍ വെട്ടിപൊളിച്ചത് കൂനിന്മേല്‍ കുരുവെന്ന പോലായി. പൈപ്പിടാന്‍ കുഴിയെടുത്ത പിന്നാലെ മഴ പെയ്തതോടെ റോഡിലാകെ വെള്ളക്കെട്ടായി എന്നു മാത്രമല്ല അപകടത്തില്‍പെടുന്ന വാഹനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു. പാലാ റോഡില്‍ ഏതാനും മാസം മുമ്പ് ടൈലുകള്‍ പാകി മനോഹരമായി നടപ്പാതയാണ് അശാസ്ത്രീയമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലൂടെ വാഹനങ്ങളുടെ 'വാരിക്കുഴി'യായി മാറിയത്.
നടപ്പാത വെട്ടിപ്പൊളിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായ പിന്നാലെയാണ് മഴ തകര്‍ത്തു പെയ്തതും അപകടപരമ്പരയ്ക്ക് തുടക്കം കുറിച്ചതും. പാലാ റോഡില്‍ പല ഭാഗങ്ങളിലായി ഇതിനോടകം പത്തിലേറെ വാഹനങ്ങള്‍ കുഴിയില്‍ വീണു. കൂടുതലും കാറുകള്‍. പൈപ്പ് ലൈനിനായി കുഴിച്ച കുഴിയില്‍നിന്നും എടുത്ത മണ്ണും ടൈലുകളും കൂടികിടക്കുന്നതിനാല്‍ വെള്ളമൊഴുക്ക് നിലച്ചു. വെള്ളം കെട്ടികിടക്കുന്നതിനാല്‍ അപകടം പതിയിരിക്കുന്നതറിയാതെ മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതും പാര്‍ക്കിംഗിനായി വഴിയരികിലേക്ക് ഒതുക്കുന്നതുമായ വാഹനങ്ങളാണ് കുഴിയില്‍ വീഴുന്നത്.

ചെളിയില്‍ പുതഞ്ഞുപോകുന്ന വാഹനങ്ങള്‍ നാട്ടുകാര്‍ എടുത്ത് പൊക്കി വിടുന്നത് പാലാ റോഡിലെ സ്ഥിരം കാഴ്ചയായി മാറി. ടൈലുകള്‍ പെറുക്കി മാറ്റാതെ മണ്ണ്മാന്തിയന്ത്രം ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയില്‍ കുഴിയെടുക്കുന്നത് 'കൈരളി വാര്‍ത്ത' റിപ്പോര്‍ട്ട് ചെയ്തിരുന്നു. പതിവുപോലെ റോഡ് തോടായി മാറുമെന്നും അധികൃതര്‍ പിന്നീട് തിരിഞ്ഞുനോക്കുകില്ല എന്നും നാട്ടുകാര്‍ പരാതിപ്പെട്ട പിന്നാലെയാണ് ഈ സ്ഥിതി സംജാതമായത്.
93.225 കോടി രൂപ മുടക്കിയുള്ള കുടിവെള്ളപദ്ധതിയുടെ ഒന്നാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ പോലും ആകാത്ത അവസ്ഥയിലാണ് നാലാം ഘട്ടത്തിലെ നിര്‍മ്മാണപ്രവൃത്തിയായ ജലവിതരണപൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇപ്പോള്‍ നടക്കുന്നത്. കിഫ്ബിയുടെ കീഴിലുള്ള പ്രവൃത്തിയായതിനാല്‍ വെട്ടിപൊളിക്കുന്ന അത്രയും ഭാഗം കരാറുകാരന്‍റെ ചെലവില്‍ തന്നെ പൂര്‍വ്വസ്ഥിതിയിലാക്കുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങള്‍ കഴിയുമെന്നിരിക്കെ ആധുനികരീതിയില്‍ പൊതുമരാമത്തുവകുപ്പ് പണിത റോഡിന്‍റെ സ്ഥിതി വര്‍ഷങ്ങളോളം ഇങ്ങനെതന്നെ കിടക്കും എന്ന സത്യം അധികൃതര്‍ നിഷേധിക്കുന്നുമില്ല.

കഴിഞ്ഞ ഏപ്രിലിലാണ് 20 ലക്ഷത്തോളം മുടക്കി പൊതുമരാമത്തുവകുപ്പ് പാലാ റോഡിന്‍റെ പ്രധാന ഭാഗങ്ങളില്‍ ടൈലുകള്‍ പാകിയും കോണ്‍ക്രീറ്റ് ചെയ്തും നടപ്പാതകളുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. അതേസമയം ജല അതോറിറ്റിയുടെ ഈ നടപടി നഗരസഭയ്ക്ക് വന്‍നഷ്ടമാണ് വരുത്തിവെക്കുന്നത്. വെട്ടിപൊളിക്കുന്ന ഗ്രാമീണറോഡുകള്‍ ഇപ്രകാരം ഇവര്‍ പൂര്‍വ്വസ്ഥിതിയിലാക്കി നല്‍കില്ല. നഗരസഭ വേണം ഇതിന്‍റെ ബാക്കി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. ദൈനംദിന ചെലവുകള്‍ക്കുപോലും പണമില്ല എന്ന അവസ്ഥയില്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഏറ്റുമാനൂര്‍ നഗരസഭയെകൊണ്ട് ഇത് സാധ്യമാകില്ല എന്നാണ് നാട്ടുകാര്‍ ചൂണ്ടികാട്ടുന്നത്.