09 October, 2020 08:38:26 AM
അതിരമ്പുഴ സ്വദേശി ഫ്ലൈറ്റ് കേഡറ്റ് ട്രയിനിയുടെ മരണത്തില്‍ ദുരൂഹത

കോട്ടയം: അതിരമ്പുഴ സ്വദേശി ട്രെയിനി ഫ്ലൈറ്റ് കേഡറ്റിന്‍റെ മരണത്തില്‍ ദുരൂഹത. അതിരമ്പുഴ പനന്താനത്ത് ഡൊമിനിക് മാത്യുവിന്‍റെയും ടിസിയുടെയും മകന്‍ ആകാശ് പി ഡൊമിനിക് (23) നെ ഇന്നലെ രാവിലെ ഹൈദരാബാദ് ഹക്കിംപേട്ട് എയർഫോഴ്‌സ് സ്റ്റേഷന്‍ ഹോസ്റ്റലിലെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അജ്ഞാതമായ പ്രശ്‌നങ്ങളിൽ വിഷാദമുണ്ടായിരുന്ന ആകാശ് ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞതായാണ് തെലങ്കാനയിലെ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെ ആകാശിന് ഉണ്ടായിരുന്നില്ലെന്ന് നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
ആകാശിന്‍റെ മരണം സംബന്ധിച്ച് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ -
'ബുധനാഴ്ച രാത്രി പത്ത് മണിയോടെ എയർഫോഴ്സ് സ്റ്റേഷൻ പരിസരത്തെ ഫ്ലൈറ്റ് കേഡറ്റ് മെസ്സിലുള്ള ഡൈനിംഗ് ഹാളിൽ നിന്നും ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതാണ് ആകാശ്. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ പതിവ് ബ്രീഫിംഗിന് ഹാജരായിരുന്നില്ലെന്ന് വ്യോമസേന സ്റ്റേഷൻ അധികൃതർ അറിയിച്ചു. അടുത്ത മുറിയിൽ താമസിക്കുന്ന ട്രെയിനി ഫ്ലൈറ്റ് കേഡറ്റായ ഈശ്വർ സംശയം മൂലം ആകാശിന്‍റെ മുറി പരിശോധിച്ചു, അടച്ചിട്ടിരുന്ന മുറിയുടെ വാതിലില്‍ ആവർത്തിച്ച് മുട്ടിയിട്ടും അകത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് ഈശ്വർ മെസ്സിലെ ജോലിക്കാരനായ മധുവിനെയും കൂട്ടി വന്ന് വാതിൽ തള്ളി തുറന്നു. സീലിംഗ് ഫാനിൽ കയറിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവര്‍ക്ക് ആകാശിനെ കാണാനായത്. വിവരം ലഭിച്ചതിനെത്തുടർന്ന് അൽവാൾ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഫ്ലൈയിംഗ് പൈലറ്റ് സരദ് കുമാറിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ഗാന്ധി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.'
എന്നാല്‍ ആകാശിന് ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവും ബന്ധുക്കളോ സുഹൃത്തുക്കളോ കാണുന്നില്ല. ഇന്നലെ എയര്‍ഫോഴ്സ് ഡേ ആയിരുന്നു. ഇതില്‍ പങ്കെടുക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടിരിക്കുകയാണെന്ന് മരിക്കുന്നതിന് തലേദിവസം രാത്രി കോട്ടയത്ത് മാതാപിതാക്കളെ ആകാശ് അറിയിച്ചിരുന്നു. കോഴിക്കോട് എന്‍ഐടിയില്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി 2019ല്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്ന ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏറ്റവും മിടുക്കനായ കേഡറ്റായിരുന്നുവെന്നും പറയുന്നു.
യുദ്ധവിമാന പൈലറ്റ് ട്രയിനിയായി അവസാനഘട്ട പരിശീലനത്തിലായിരുന്നു. ഡിസംബറില്‍ കോഴ്സ് പൂര്‍ത്തിയായ ശേഷം നടക്കുന്ന സര്‍ട്ടിഫിക്കറ്റ് വിതരണചടങ്ങിന് മാതാപിതാക്കളോടൊപ്പം സഹോദരങ്ങളായ അഖില്‍, അനഘ എന്നിവരേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ആകാശ്. അപകടത്തില്‍ മരിച്ചു എന്ന വിവരമാണ് വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഹൈദരാബാദിലെത്തിയ പിതാവ് ഡൊമിനിക് മാത്യുവും ബന്ധുക്കളും ആശുപത്രിയിലെത്തി ആകാശിന്‍റെ മൃതദേഹം കണ്ടു. സംസ്കാരം പിന്നീട്.