24 September, 2020 08:08:54 PM


നടൻ തിലകൻ ഓർമ്മയായിട്ട് എട്ട് വർഷം; സാംസ്കാരിക നിലയം സ്ഥാപിക്കണമെന്ന് ആവശ്യം



ഏറ്റുമാനൂർ:  മലയാള സിനിമാ ലോകത്ത്  പകരക്കാരനില്ലാതെ കടന്നു പോയ  മലയാളത്തിന്‍റെ മഹാനടൻ തിലകന്‍റെ പേരിൽ ഉചിതമായ ഒരു സാംസ്കാരിക കേന്ദ്രം സ്ഥാപിക്കണമെന്ന്  ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്‍റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇസ്കഫ് സംഘടിപ്പിച്ച തിലകൻ അനുസ്മരണ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് പ്രമേയം പാസ്സാക്കി. തിലകൻ ഓർമ്മയായിട്ട് എട്ട് വർഷമായി. 2012 സെപ്തംബർ 24 നാണ് തിലകൻ സിനിമാ ലോകത്തോട് വിടപറയുന്നത്.

നാടകം പകർന്ന് നൽകിയ കരുത്തായിരുന്നു തിലകൻ എന്ന അതുല്യ പ്രതിഭയെ സൃഷ്ടിച്ചത്. തിലകൻ അവശേഷിപ്പിച്ച ശൂന്യത ഇനിയും  സിനിമാ ലോകത്തിന് നികത്താനായിട്ടില്ലെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത സിനിമ - സീരിയൽ സംവിധായകനായ രാജേഷ് കണ്ണങ്കര പറഞ്ഞു. തിലകൻ വേഷമിട്ടതും മലയാളി മനസ്സുകളിൽ മായാതെ നിൽക്കുന്നതുമായ കാട്ടുകുതിരയിലെ കൊച്ചു വാവയും, കിരീടത്തിലെ അച്ചുതൻ നായരും, പെരുന്തച്ചനിലെ രാമനും, സ്‌ഫടികത്തിലെ ചാക്കോ മാഷും, കണ്ണെഴുതി പൊട്ടും തൊട്ടതിലെ നടേശനും ഉൾപ്പെടെ അനേകം കഥാപാത്രങ്ങളെ സമ്മേളനം അനുസ്മരിച്ചു. 


ഇസ്കഫ് കോട്ടയം ജില്ലാ കമ്മറ്റി ഏറ്റുമാനൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രശാന്ത് രാജൻ അദ്ധ്യക്ഷത വഹിച്ചു.   ജില്ലാ പ്രസിഡന്‍റ് വി.വൈ. പ്രസാദ്, സെക്രട്ടറി അഡ്വ.കെ.ആർ.പ്രവീൺ, സംസ്ഥാന കൗൺസിലംഗം ബേബി ജോസഫ്, ഏറ്റുമാനൂർ മേഖലാ പ്രസിഡന്‍റ് ഇ.ആർ. പ്രകാശ്, ഐ.എ.എൽ. സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ആർ.മുരളീധരൻ, വിവിധ സാംസ്കാരിക സംഘടനാ നേതാക്കളായ ടി.എസ്.അൻസാരി, അഡ്വ.പി.രാജീവ് , ലിജോയ് കുര്യൻ, കെ.വി.പുരുഷൻ, എൻ.വി. പ്രസേനൻ, ഇസ്കഫ് നേതാക്കളായ അഖിൽ വിഷ്ണു , ബിന്ദുമോൾ സ്റ്റീഫൻ, ബിന്ദു കെ.റ്റി., എം.വി.കണ്ണൻ, അഡ്വ.എ.ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K