21 September, 2020 05:34:21 PM
കെ.വി.ശാന്തി ഇനി ഓര്‍മ്മ: വിടവാങ്ങിയത് കോട്ടയത്തിന്‍റെ സ്വന്തം കലാകാരി
കോട്ടയം: മുൻകാല ചലച്ചിത്ര നടി കെ.വി.ശാന്തി (85) വിടവാങ്ങി. പഴയകാല ചലച്ചിത്ര ആസ്വാദകരുടെ പ്രിയനടി കോട്ടയംകാര്‍ക്കും ഇനി ഓര്‍മ്മ. ഏഴ് പതിറ്റാണ്ട് മുമ്പ് ഏറ്റുമാനൂരില്‍ നിന്നും ചെന്നൈയിലേക്ക് ചേക്കേറിയ ശാന്തിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഇനി അമ്പതിലേറെ മലയാളചിത്രങ്ങള്‍ മാത്രം ബാക്കി. തിങ്കഴാഴ്ച പുലർച്ചെ തമിഴ്നാട് കോടമ്പാക്കത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
ബിസിനസുകാരനായിരുന്ന കോട്ടയം മാങ്ങാനം സ്വദേശി വേലായുധന്‍റെയും ഏറ്റുമാനൂര്‍ സ്വദേശിനി കാര്‍ത്ത്യായനിയുടെയും മകള്‍ കെ.വി.ശാന്തമ്മ കലാരംഗത്ത് തുടക്കം കുറിച്ചത് നര്‍ത്തകിയായി. ശാന്തിയുടെ സിനിമയിലേക്കുള്ള പ്രവേശം നേരിട്ടായിരുന്നില്ല. ലോകപ്രശസ്ത നർത്തകിയായ ഉദയ് ശങ്കറിന്‍റെ സമർപ്പിത ശിഷ്യയായ അവർ ഒരു നര്‍ത്തകിയായി പ്രശസ്തിയിലേക്കുയര്‍ന്ന പിന്നാലെയാണ് സിനിമയിലേക്ക് കാലെടുത്ത് വെച്ചത്.
തന്‍റെ ഡാന്‍സ് ട്രൂപ്പുമായി മുന്നോട്ടുപോകുകയായിരുന്ന ശാന്തിയെ എസ്.പി. പിള്ളയാണ് സിനിമാരംഗത്ത് എത്തിച്ചത്. 1953-ൽ പുറത്തിറങ്ങിയ പൊൻകതിർ ആണ് ആദ്യചിത്രം. ഇതിനുപിന്നാലെ മെരിലാന്‍റ് സ്റ്റുഡിയോ നിർമിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ ശാന്തി സജീവമായത്. 1957ല്‍ പി.സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'പാടാത്ത പൈങ്കിളി'യില്‍ 'ലൂസി'യായി വേഷമിട്ടു. വന്‍ഹിറ്റായി മാറി ഈ ചിത്രം.
പിന്നീട് 1975ല്‍ അഭിനയജീവിതം നിര്‍ത്തുന്നതിനിടെ 51 മലയാള ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളത്തില്‍ സത്യൻ, പ്രേംനസീർ, മധു, ഷീല, എസ്.പി. പിള്ള എന്നിവരോടൊപ്പം അഭ്രപാളികളില്‍ ശാന്തി ശ്രദ്ധിക്കപ്പെട്ടു. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും ശാന്തിയുടെ നിറസാന്നിധ്യം അക്കാലയളവില്‍ അനുഭവപ്പെട്ടിരുന്നു. അൾത്താര, മായാവി, കറുത്ത കൈ, കാട്ടുമല്ലിക, കാട്ടുമൈന, ദേവി കന്യാകുമാരി, നെല്ല്, ലേഡി ഡോക്ടർ, അധ്യാപിക തുടങ്ങിയവ ശാന്തി അഭിനയിച്ച പ്രധാന ചിത്രങ്ങളിൽ ചിലതുമാത്രം. 1975-ൽ പുറത്തിറങ്ങിയ അക്കൽദാമ, കാമം ക്രോധം മോഹം എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ.
'ഭക്ത കുച്ചേല' എന്ന സിനിമയിൽ സത്യഭാമയുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. മലയാളം, തെലുങ്ക് ചലച്ചിത്രങ്ങളുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു ഭക്തകുചേല. കുറച്ച് തെലുങ്ക് അഭിനേതാക്കൾ പ്രധാന വേഷങ്ങളും കുറച്ച് തമിഴ് അഭിനേതാക്കൾ മറ്റ് വേഷങ്ങളും ചെയ്തു. ഈ സിനിമയിലൂടെയായിരുന്നു തെലുങ്ക്, തമിഴ്, മലയാളം പ്രേക്ഷകഹൃദയങ്ങളിലേക്ക് ശാന്തിയുടെ കടന്നുകയറ്റം. ശാന്തി ഒരിക്കലും മറക്കാത്ത സിനിമകളിൽ ഒന്നാണ് ഈ സിനിമ.
ഇതിനിടെയാണ് ശാന്തിയുടെ വ്യക്തിജീവിതത്തിലേക്ക് 'ശശികുമാർ' കടന്നുവന്നത്. ഇദ്ദേഹവുമായുള്ള വിവാഹത്തോടെ അഭിനയജീവിതം നിര്‍ത്തിയ ശാന്തി ഒരു വീട്ടമ്മയായി തുടരുകയായിരുന്നു. ഇവരുടെ ഏകമകന്‍ ശ്യാം കുമാർ ചെന്നൈയിൽ ബിസിനസുകാരനാണ്. സുപ്രസിദ്ധകാഥികന്‍ കെടാമംഗലം സദാനന്ദന്‍റെ ഭാര്യാസഹോദരി കൂടിയാണ് ശാന്തി. വിവാഹത്തെതുടര്‍ന്ന് ശാന്തി അഭിനയം നിര്‍ത്തിയതുള്‍പ്പെടെയുള്ള ഓര്‍മ്മകള്‍ അയവിറക്കുകയാണ് കെടാമംഗലം സദാനന്ദന്‍റെ മകളും കോട്ടയം സി.എസ്.കണ്‍സ്ട്രക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജഗനാഥപ്രസാദിന്‍റെ ഭാര്യയുമായ ജിജി പ്രസാദ്.