11 May, 2016 06:19:42 PM
നികുതി വെട്ടിപ്പ് : ബച്ചനെതിരായ കേസ് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി അനുമതി
ദില്ലി : നികുതി വെട്ടിച്ചുവെന്ന പ്രശസ്ത ബോളിവുഡ് നടൻ അമിതാഭ് ബച്ചനെതിരായ കേസ് വീണ്ടും പരിഗണിക്കാൻ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്‍റിന് സുപ്രീംകോടതിയുടെ അനുമതി. കോൻ ബനേഗാ ക്രോർപതി എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകനായിരിക്കെ 2001ൽ നികുതി വെട്ടിച്ചുവെന്നാണ് ബച്ചനെതിരായ കേസ്.
കേസിൽ ബച്ചന് അനുകൂലമായി വിധി പുറപ്പെടുവിച്ച ബോംബെ ഹൈകോടതി ഉത്തരവിനെതിരെ ആദായ നികുതി വകുപ്പാണ് സുപ്രീംകോടതിയെ സമീപിച്ചത്. നികുതിയിളവ് അനുവദിച്ചുകൊണ്ടുള്ള ബോംബെ ഹൈകോടതി ഉത്തരവ് ഇതോടെ അസാധുവായി. സെക്ഷൻ 80 വകുപ്പ് പ്രകാരം നടീനടന്മാർക്ക് നികുതിയിളവ് നൽകണമെന്ന വ്യവസ്ഥയനുസരിച്ചായിരുന്നു കോടതി ഉത്തരവ്. ഇതിനെതിരെയാണ് ആദായ നികുതി വകുപ്പ് സുപ്രീംകോടതിയെ സമീപിച്ചത്.
2001-2002 കാലയളവിൽ ടെലിവിഷൻ ഷോയിലൂടെ 50.92 കോടി രൂപയായിരുന്നു ബച്ചൻ സമ്പാദിച്ചത്. നികുതിയിനത്തിൽ 1.66 കോടി രൂപ ബച്ചൻ നൽകേണ്ടതുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വാദം. നടീ-നടൻമാർക്ക് ആനുകൂല്യം ലഭിക്കണമെന്ന വാദം പരിഗണിച്ച് 2008ൽ മുംബൈ ഹൈകോടതി ബച്ചന് തുകയുടെ 30ശതമാനം ഇളവു നൽകിയിരുന്നു.