06 July, 2020 10:58:37 PM
സുമലത എംപിയ്ക്ക് കോവിഡ്: തന്നെ സന്ദര്‍ശിച്ചവര്‍ക്ക് മുന്‍ താരത്തിന്‍റെ മുന്നറിയിപ്പ്
ബംഗളൂരു: മാണ്ഡ്യ ലോക്സഭാംഗവും മുൻകാല അഭിനേത്രിയുമായ സുമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം സുമലത തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജൂലൈ നാലിന് കടുത്ത തലവേദനയെ തുടർന്ന് പരിശോധന നടത്തിയിരുന്നു. ഇന്ന് സ്രവ പരിശോധനയുടെ ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഡോക്ടറുടെ നിർദേശ പ്രകാരം ആവശ്യമായ ചികിത്സ നടത്തി വരികയാണെന്നാണ് സുമലത ഫേസ്ബുക്കിൽ കുറിച്ചത്.
കോവിഡ് പ്രതിസന്ധിക്കിടയിലും തന്‍റെ മണ്ഡലം സന്ദർശിക്കുന്നതും ജനങ്ങളെ കാണുന്നതും മുടക്കിയിരുന്നില്ല അതുകൊണ്ട് തന്നെയാണ് തലവേദന തുടങ്ങിയപ്പോൾ തന്നെ പരിശോധന നടത്തിയതെന്നാണ് സുമലത പറയുന്നത്. താനുമായി സമ്പർക്കം പുലർത്തിയ ആളുകളുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. തന്നെ സന്ദർശിച്ച ആളുകൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർ എത്രയും വേഗം പരിശോധന നടത്തണമെന്നും സുമലത ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരുകാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സുമലത. കന്നഡ താരവും പ്രമുഖ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന അംബരീഷുമായുള്ള വിവാഹ ശേഷമാണ് അഭിനയരംഗം ഉപേക്ഷിച്ചത്. അംബരീഷിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ പാത പിന്തുടർന്ന് രാഷ്ട്രീയ രംഗത്തേക്ക് ചുവട് വെച്ച സുമലത കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥിയായി നിന്നു വിജയിക്കുകയായിരുന്നു.