07 December, 2025 11:52:37 AM
ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

പനജി: ഗോവ നൈറ്റ് ക്ലബ്ബിലെ തീപിടിത്തത്തിന് പിന്നാലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൽ 25 പേർ മരിച്ചെന്നും പരിക്കേറ്റ ആറു പേരുടെ നില തൃപ്തികരമാണെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതികരിച്ചു. നോർത്ത് ഗോവയിലെ അർപോറയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന നിശാക്ലബ്ബിൽ ശനിയാഴ്ച രാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് വിലയിരുത്തലുണ്ടെങ്കിലും ശരിയായ കാരണം കണ്ടെത്താനും, കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.
മരിച്ചവരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് വിവരം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും അപകടസ്ഥലം സന്ദർശിച്ചിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തി. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്. മൃതദേഹങ്ങള്‍ കൂടുതല്‍ കണ്ടെത്തിയതും അടുക്കളുടെ പരിസരത്ത് ആയതിനാൽ ഇവർ എല്ലാം തന്നെ ജീവനക്കാർ ആണെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്. സംഭവത്തില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചു. സുരക്ഷയുടെയും ഭരണനിർവഹണത്തിന്റെയും പരാജയമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.





