05 July, 2020 01:00:22 AM


കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍: ഇടുക്കിയിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും



കട്ടപ്പന: ഉടുമ്പൻചോലക്കു സമീപമുള്ള സ്വകാര്യ റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു നിശാപാർട്ടിയും ബെല്ലി ഡാൻസും. സംഭവത്തിൽ പാർട്ടി നടത്തിയ വ്യവസായി റോയി കുര്യനെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉടുമ്പൻചോലക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിക്കുന്ന വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂൺ 28-ന് നിശാപാർട്ടിയും ബെല്ലി ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്. 


ജില്ലാ കലക്ടറുടെ ഇടപടലിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്. വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷമാണ് നിശ പാർട്ടിയും മണിക്കൂറുകൾ നീണ്ട ബെല്ലിഡാൻസും അരങ്ങേറിയത്. നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. പാർട്ടി നടന്ന ദിവസം റിസോർട്ടിൽ പരിശോധന നടത്താൻ പൊലീസ് എത്തി. എന്നാൽ ഉന്നത ഇടപെടലിനെ തുടർന്ന് പരിശോധന നടത്താൻ കഴിയാതെ ഇവർ തിരികെ മടക്കി.


ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിച്ചെന്നാണ് വിവരം. രാത്രി 8 മുതൽ നിശാപാർട്ടി പ്രദേശത്തെ റിസോർട്ടിൽ ആരംഭിച്ചു. ഒരു മണിക്കൂറിൽ 50 പേരെ വീതമാണ് പ്രവേശിപ്പിച്ചത്.
അഞ്ചു മണിക്കൂർ നീണ്ട നിശാപാർട്ടിയിൽ ഒരു മണിക്കൂറിൽ 50 പേർ വീതം അഞ്ചു മണിക്കൂറിനിടെ 250 പേർ എത്തിയെന്നാണ് വിവരം. നിശാപാർട്ടിയിൽ എത്തിയവർക്ക് മദ്യസൽക്കാരവും ഒരുക്കിയിരുന്നു.


സ്വകാര്യ ഇവന്റ് മാനേജുമെന്റ് കമ്പനിയാണ് പാർട്ടിക്കായുള്ള സംവിധാനങ്ങൾ സ്വകാര്യ റിസോർട്ടിൽ ഒരുക്കിയത്. പാർട്ടിയിൽ 250 പേർ പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. രാത്രി എട്ടിന് ആരംഭിച്ച പാർട്ടി പുലർച്ചെ ഒന്നു വരെ നീണ്ടു. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവർക്കു മദ്യപിക്കുന്നതിനുള്ള സൗകര്യം ഏർപ്പാടാക്കിയിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K