02 July, 2020 01:17:50 PM


ജോസിനെ വരവേറ്റ് കാപ്പനെ രാജ്യസഭയില്‍ എത്തിക്കാന്‍ സിപിഎം ഫോർമുല?



കോട്ടയം: ജോസ് കെ മാണിയുടെ മുന്നണിപ്രവേശനത്തിലൂടെ  മാണി സി കാപ്പനെ രാജ്യസഭയിലെത്തിക്കാനുള്ള ഫോർമുല തയ്യാറാക്കി സിപിഎം. ജോസ് കെ മാണിക്ക് മുന്നിൽ ചില വാഗ്ദാനങ്ങൾ നൽകിക്കൊണ്ട് മുതിർന്ന സിപിഎം നേതാവ് കോട്ടയത്തെത്തി ചർച്ച നടത്തിയതായാണ് വിവരം. നിയമസഭ തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകളും വാഗ്ദാനം ചെയ്തു. സ്കറിയാ തോമസ് വിഭാഗവുമായി ലയിക്കണമെന്ന നിർദേശമാണ് സിപിഎം മുന്നോട്ടുവെച്ചത്.


മാണി സി കാപ്പന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ കെ.എം.മാണിയുടെ തട്ടകമായിരുന്ന പാലാ സീറ്റ് തിരികെ പിടിക്കാമെന്നാണ് ജോസ് കെ മാണി വിഭാഗത്തിലെ ചില നേതാക്കള്‍ നല്‍കുന്ന സൂചന. അതേസമയം, ജോസ് കെ മാണിയുടെ വരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതികരിച്ചെങ്കിലും താൻ ജയിച്ച പാലാ സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിലാണ് മാണി സി കാപ്പൻ എംഎൽഎ. ജയിച്ച സീറ്റ് വിട്ടുകൊടുക്കുന്ന പാരമ്പര്യം എൽഡിഎഫിന് ഇല്ലെന്നും മാണി സി കാപ്പൻ പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.


അതേസമയം, നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെങ്കിലും മുന്നണി കൺവീനർ എ. വിജയരാഘവൻ പറയുന്നത് മറ്റൊന്നാണ്. ജോസ് കെ മാണിയുടെ പാർട്ടിയെ എൽഡിഎഫിൽ എടുക്കുന്നതുസംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നും എൽഡിഎഫ് ചർച്ച ചെയ്തു അഭിപ്രായം രൂപീകരിച്ചശേഷമേ ഇക്കാര്യം പറയാൻ പറ്റൂ എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഒപ്പം ജോസ് വിഭാഗവും തങ്ങളുടെ നിലപാട് വ്യക്തമാക്കണം - എ വിജയരാഘവൻ പറഞ്ഞു.


അതേസമയം ജോസ് കെ മാണിക്ക് യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജോസ് എങ്ങോട്ടുപോകുമെന്ന് ഇപ്പോൾ പറയാനാകില്ല. അത് എൽഡിഎഫിലേക്കോ എൻഡിഎയിലേക്കോ ആകാമെന്നും ജോസഫ് പറഞ്ഞു. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്ത ആർക്കും മുന്നണിയിൽ തുടരാനാകില്ല. നല്ല കുട്ടിയായി തിരിച്ചുവന്നാൽ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K