10 February, 2026 06:27:25 PM
യുവജന കമ്മീഷൻ ജില്ലാതല അദാലത്ത്; 10 പരാതികൾ പരിഹരിച്ചു

കോട്ടയം: യുവജനങ്ങളിലെ ജീവിത ശൈലീമാറ്റങ്ങളെയും മാനസികക്ഷേമത്തെയും കുറിച്ച് യുവജന കമ്മീഷൻ നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ സർവേ നടപടികൾ പൂർത്തിയായതായി യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ പറഞ്ഞു. കേരളത്തിലെ പൊതുമണ്ഡലത്തിലും സാമൂഹ്യജീവിതത്തിലും യുവജനങ്ങൾ നേരിടുന്ന സംഘർഷങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠിക്കുകയാണ് സർവേയുടെ ലക്ഷ്യം. പഠനത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിനു സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല യുവജന കമ്മീഷൻ അദാലത്തിൽ പരാതികൾ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിഗണിച്ച 20 പരാതികളിൽ 10 എണ്ണത്തിൽ തീർപ്പാക്കി. ബാക്കി അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. പുതിയതായി നാലു പരാതികൾ ലഭിച്ചു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പളക്കുടിശ്ശിക, വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്തു കബളിപ്പിക്കൽ, സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, സൈബർ തട്ടിപ്പ് തുടങ്ങിയ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. കമ്മീഷനംഗം അഡ്വ. അബേഷ് അലോഷ്യസ്, സെക്രട്ടറി ദീപ സുരേന്ദ്രൻ, അസിസ്റ്റൻറ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.







