01 July, 2020 10:06:20 PM
ഏറ്റുമാനൂര്‍ റിംഗ് റോഡിന് 21.84 കോടിയുടെ അംഗീകാരം; പണികള്‍ മുഴുവന്‍ തീരില്ല
ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട റിംഗ് റോഡിന് 21.84 കോടി രൂപയുടെ അംഗീകാരം കിഫ്ബി എക്സിക്യൂട്ടീവ് യോഗമാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇത് റോഡിന് ചെലവാകുന്ന ആകെ തുകയുടെ പകുതിപോലുമില്ലെന്നാണ് മറ്റൊരു വസ്തുത. 2016 -17 വര്‍ഷത്തെ ബജറ്റില്‍ 30 കോടി രൂപ ഉള്‍പ്പെടുത്തിയ റോഡിന്‍റെ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കിഫ്ബിയുടെ അംഗീകാരം. പക്ഷെ സമര്‍പ്പിച്ച തുക മുഴുവനായി അംഗീകരിക്കപ്പെട്ടില്ല.
എം.സി.റോഡില്‍ തുമ്പശ്ശേരി ജംഗ്ഷനില്‍ നിന്നും കോടതിപ്പടി, സിയോണ്‍കവല, വികാസ് ജംഗ്ഷന്‍ വഴി പട്ടാത്താനത്തെത്തുന്നതാണ് ആദ്യ റോഡ്. ചെറുവാണ്ടൂര്‍ എസ്.എഫ്.എസ് സെമിനാരി വഴി എം.സി.റോഡില്‍ സമാപിക്കുന്നതാണ് റിംഗ് റോഡിന്‍റെ അടുത്ത ഭാഗം. നിലവില്‍ അംഗീകരിച്ച തുകയ്ക്ക് സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ പണികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാനാവില്ലെന്ന് അഡ്വ.കെ.സുരേഷ്കുറുപ്പ് എംഎല്‍എ പറഞ്ഞു. ആദ്യഭാഗം മാത്രം പൂര്‍ത്തിയാക്കാവുന്ന രീതിയില്‍ പണികള്‍ തുടങ്ങിവെക്കുന്നതിനെകുറിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി അടുത്ത ദിവസം ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.