30 June, 2020 08:42:53 PM


കോട്ടയത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഏറ്റുമാനൂര്‍ സ്വദേശികള്‍



കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്നു പേരില്‍ രണ്ട് പേര്‍ ഏറ്റുമാനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ളവര്‍. ഇവരില്‍ ഒരാള്‍ ഏറ്റുമാനൂരിലെ ഹോട്ടലിലും മറ്റൊരാള്‍ സ്വന്തം വീട്ടിലും ക്വാറന്‍റയിനില്‍ കഴിഞ്ഞുവരികയായിരുന്നു. ഇരുവരും തെള്ളകം സ്വദേശികളാണ്. 20, 22 വാര്‍ഡുകളിലെ താമസക്കാരാണിവര്‍. 


സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 19ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന 36 കാരനും ഇതേ ദിവസം മസ്കറ്റില്‍നിന്ന് എത്തി ഏറ്റുമാനൂരില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റയിന്‍ കഴിഞ്ഞിരുന്ന 38 കാരനുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍ ഉഴവൂര്‍ സ്വദേശി (49)യാണ്. 

ജൂണ്‍ മാസത്തില്‍ ആകെ 176 പേരുടെ സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവായത്. രോഗബാധിതരായ കോട്ടയം ജില്ലക്കാരില്‍ 44 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 32 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 28 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.


ആറു പേര്‍ക്കുകൂടി കോവിഡ് ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 110 ആയി. ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ ഉള്‍പ്പെടെ 109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 219 പേര്‍ക്ക്  വൈറസ് ബാധിച്ച ജില്ലയില്‍ രോഗമുക്തി നിരക്ക് 50.22 ആയി.  


മുംബൈയില്‍നിന്നും എത്തി ജൂണ്‍ 21ന്  രോഗം സ്ഥിരീകരിച്ച മുത്തോലി സ്വദേശിനി(60), ഇവരുടെ മകന്‍(37), മകന്‍റെ ആണ്‍കുട്ടി(ആറ്), കുവൈറ്റില്‍നിന്നെത്തി ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശിനി(31), കുവൈറ്റില്‍നിന്നെത്തി ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച മുട്ടുചിറ സ്വദേശിനി(46), മുംബൈയില്‍നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(38) എന്നിവരാണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മടങ്ങിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.6K